തിരുവനന്തപുരം: സൗരോർജ പ്ലാൻറുകള്‍ക്കായി സൗരോർജനയം രൂപവത്കരിക്കാൻ സോളാർ കേസ് പ്രതി സരിത നായരിൽനിന്ന് 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം. വൈദ്യുതിമന്ത്രിയായിരിക്കെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ അനുമതി നൽകിയത്. പ്രാഥമികാന്വേഷണമാകും ആദ്യം നടക്കുക. അതിനുള്ള അനുമതിക്കായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
സംസ്ഥാനത്തെമ്പാടും വലിയ സൗരോര്‍ജ പ്ലാൻറുകള്‍ സ്ഥാപിക്കാനാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന് സരിതയുടെ നേതൃത്വത്തിലുള്ള കമ്പനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത് കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു ആരോപണം. ഈ ചടങ്ങില്‍ സരിതയുടെ കമ്പനിയെ ആര്യാടന്‍ മുഹമ്മദ് പുകഴ്ത്തുന്ന സീഡി സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് സരിത കൈമാറിയിരുന്നു.
സരിതയുടെ ആവശ്യത്തില്‍ സൗരോര്‍ജനയം രൂപവത്കരിക്കാന്‍ അന്നത്തെ അനെര്‍ട്ട് ഡയറക്ടറോട് ആര്യാടന്‍ നിര്‍ദേശിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. കോട്ടയത്തുെവച്ച് പണം വാങ്ങിയിട്ടില്ലെന്ന് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജുഡീഷ്യല്‍ കമീഷനെ അറിയിക്കുകയും ചെയ്തു. ആര്യാടന്‍ മുഹമ്മദിനെയും കമീഷന്‍ വിസ്തരിച്ചു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ലെന്നുകാണിച്ച് സരിത നായർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഇപ്പോൾ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.