നടുവണ്ണൂർ: കുതിച്ചുവരുന്ന ട്രെയിനിനു മുന്നിൽ അകപ്പെട്ട നാല് ജീവനുകളെ രക്ഷപ്പെടുത്തി യുവാവ്.വിജിലൻസിന്റെ കോഴിക്കോട് നോർത്ത് വിങ് സബ് ഇൻസ്പെക്ടറായ നടുവണ്ണൂർ സ്വദേശി ഇ.കെ. മുനീറിന്റെ അവസരോചിത ഇടപെടലിലാണ് നാലുപേർ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 10.45 ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ലഖ്നോവിൽ എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച മകൾക്കായി തൽക്കാൽ ടിക്കറ്റ് എടുക്കാനാണ് മുനീർ കാലത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എഗ് മോർ എക്സ്പ്രസിന് കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് ട്രാക്കിലകപ്പെട്ടവരെ മുനീർ രക്ഷിച്ചത്. രണ്ടാം പ്ലാറ്റ്ഫോമിൽനിന്ന് മൂന്നു സ്ത്രീകളും ഒരു കുട്ടിയും ട്രാക്ക് മുറിച്ചുകടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ കൂട്ടത്തിലെ പ്രായമായ സ്ത്രീ നടക്കാൻ കഴിയാതെ ട്രാക്കിൽ നിസ്സഹായവസ്ഥയിൽ നിൽക്കുകയായിരുന്നു. എഗ് മോർ എക്സ്പ്രസ് വരാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കിയുണ്ടായത്. കുട്ടിയെ എടുത്ത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും കൂടി ട്രാക്ക് മറി കടന്ന് ഒന്നാം ട്രാക്കിലേക്ക് എത്തിയിരുന്നു. രണ്ടാം ട്രാക്കിലൂടെ ട്രെയിൻ വരുന്നുവെന്ന് മനസ്സിലാക്കിയ വയോധിക്കക്ക് പക്ഷേ മുമ്പോട്ടുപോവാനോ തിരിഞ്ഞു നടക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു. മുമ്പിൽ പോയ സ്ത്രീകൾ ഇവരെ ട്രാക്ക് മുറിച്ചുകടത്താൻ വേണ്ടി പിന്തിരിഞ്ഞു വന്ന് ഒരു ശ്രമം നടത്തിനോക്കിയെങ്കിലും അവരും പരിഭ്രമത്തിലായിരുന്നു. ഇത് നേരിൽ കണ്ട മുനീർ ബാഗും മൊബൈൽ ഫോണും പ്ലാറ്റ്ഫോമിലേക്കെറിഞ്ഞ് ട്രാക്കിലേക്ക് ചാടിയിറങ്ങി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ആരോ ഇദ്ദേഹത്തിന്റെ സാഹസിക കൃത്യം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. കുടുംബക്കാരും നാട്ടുകാരും സുഹൃത്തുക്കളും മുനീറിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. സോഷ്യൽ മീഡിയയിലും ഇപ്പോൾ മുനീർ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.