നാദാപുരം: വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയുണ്ടായ ഉരുൾപൊട്ടൽ കാർഷിക മേഖലക്ക് ഉണ്ടാക്കിയത് കനത്ത പ്രഹരം. ഹെക്ടർകണക്കിന് കൃഷിഭൂമിയിലെ വിളകൾ നശിച്ചു. കുടിയേറ്റ കർഷകരും മറ്റും പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ സ്വപ്നങ്ങളാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്.
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ പുഴയോരത്തെ കൃഷിഭൂമിയിലും വ്യാപക നാശം വിതച്ചു. മയ്യഴിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ പുല്ലുവ വലിയപാനോം മുതൽ വാളാന്തോട് വരെയുള്ള പുഴയുടെ തീരം പുഴയെടുത്തതാണ് നഷ്ടത്തിന്റെ തോത് വർധിപ്പിക്കുന്നത്.
മലമുകളിൽ കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട്, കമ്പിളിപ്പാറ എന്നിവിടങ്ങളിലെ 200ലധികം കർഷകരുടെ കൃഷികൾ നശിച്ചു. തെങ്ങ്, കവുങ്ങ്, റബർ, ജാതി, കശുമാവ്, തേക്ക്, ഈട്ടി, പ്ലാവ്, മാവ്, തുടങ്ങിയ മരങ്ങളും, വാഴ, ചേന, തുടങ്ങിയ ഇടവിള കൃഷികളും പൂർണമായി നശിച്ചു.
ഫാമുകൾ നടത്തുന്നവർക്കും ഉരുൾപൊട്ടൽ കടുത്ത ഭീഷണിയായി. പന്നി, താറാവ്, കോഴിഫാമുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് കർഷകർ കൃഷിയിറക്കിയത്. കാർഷിക മേഖലയിലെ വൻ നാശനഷ്ടം കർഷകരുടെ ജീവിതത്തിൽ തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ വിലങ്ങാട് മാത്രം കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടെന്ന് കർഷകർ പറഞ്ഞു. എന്നാൽ, നാശനഷ്ടത്തിന്റെ കണക്ക് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല.
നാശനഷ്ടമുണ്ടായവരുടെ അപേക്ഷ സ്വീകരിച്ചുവരുന്നതേ ഉള്ളൂവെന്നും പല ഭാഗങ്ങളിലും കണക്കെടുപ്പിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും വാണിമേൽ പഞ്ചായത്ത് കൃഷി ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.