കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ്‍കുമാറിനെ പിരിച്ചുവിടും

പാലക്കാട്: പാലക്കയം കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റവന്യുമന്ത്രി കെ. രാജന്‍ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫിസര്‍ക്കെതിരെയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറിൽ നിന്ന് ഒരുകോടി​യിലേറെ രൂപയു​ടെ അനധികൃത സമ്പാദ്യമാണ് വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍. ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയിൽ ഇയാൾ താമസിക്കുന്ന ഒറ്റമുറിയിൽനിന്നാണ് വൻതുക കണ്ടെത്തിയത്.

മുറിയിൽ 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫിസില്‍ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫിസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

Tags:    
News Summary - Village assistant Suresh Kumar will be terminated from job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.