ആറാട്ടുപുഴ: തൃക്കുന്നപ്പുഴ തറയിൽകടവിൽ വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നത് ഏഴുവയസ്സുകാരിയായ മകളുടെ കൺമുന്നിൽവെച്ച്. വിഷ്ണുവും ഭാര്യയും ഒന്നര കൊല്ലമായി പിണങ്ങി കഴിയുന്നതിനാൽ മകളെ ധാരണപ്രകാരം രണ്ടുപേരും മാറിമാറിയാണ് പരിചരിക്കുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേൽപിക്കാൻ ഭാര്യവീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരകൃത്യം.
ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ -ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ്(34) കൊല്ലപ്പെട്ടത്. തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. സംഭവത്തിന്റെ പേരിൽ ഭാര്യ ആതിര രാജ് (31), ആതിരയുടെ പിതൃസഹോദരങ്ങളായ തണ്ടാശേരിൽ ബാബുരാജ് (54), പത്മൻ (41), പൊടിമോൻ (സൂര്യൻ-50) എന്നിവരെ പ്രതികളാക്കി തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ തറയിൽകടവിലായിരുന്നു സംഭവം. വിഷ്ണുവിനും ആതിരക്കും ഏഴ് വയസുള്ള തൻവി എന്ന മകളുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകളെ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പം വിട്ടയക്കും. ഒപ്പമുണ്ടായിരുന്ന മകളെ തിരികെ ഏൽപിക്കാനാണ് രാത്രിയിൽ തറയിൽകടവിലെ ഭാര്യവീട്ടിൽ വിഷ്ണു എത്തിയത്. എന്നാൽ, തൻവി അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിച്ച് ബൈക്കിൽനിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.
ഇതിൽ ദേഷ്യപ്പെട്ട് ആതിര രാജ് മകളെ അടിച്ചു. ഇതേചൊല്ലി വിഷ്ണുവും ആതിരയും തമ്മിൽ വഴക്കായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് കണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളായ ആതിരയുടെ പിതൃസഹോദരന്മാർ കൂട്ടം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കു കയായിരുന്നു. അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു. അച്ഛനെ അടിക്കല്ലേ എന്ന് പറഞ്ഞ് തൻവി നിലവിളിക്കുണ്ടായിരുന്നു. മർദനമേറ്റ് വിഷ്ണു മലമൂത്ര വിസർജനം നടത്തിയതായും ബന്ധുക്കൾ പറഞ്ഞു. പിടിച്ചുമാറ്റാൻ വന്ന വിഷ്ണുവിന്റെ ബന്ധു കിഷോറിനും മർദനമേറ്റു.
ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കിഷോറും നാട്ടുകാരും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സമീപവാസികൾ വിളിച്ചു പറഞ്ഞതനുസരിച്ച് ഇതിനിടെ തൃക്കുന്നപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. തൻവിയുടെ മൊഴിയും പൊലീസ് എടുത്തു. കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. രാത്രി എട്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പെരുമ്പള്ളി സങ്കണവാടിയിലെ ഹെൽപ്പറാണ് മാതാവ് ബീന. കായംകുളം ഡി.വൈ. എസ്. പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ എസ്.ഐമാരായ അജിത്ത്, ശ്രീകുമാർ, സനിൽ കുമാർ, എ.എസ്.ഐമാരായ ഗോപകുമാർ, വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം, ഷിജു, ശരത്, ഇക്ബാൽ, സജീഷ്, സി.പി.ഒ. സഫീർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.