തിരുവനന്തപുരം: തിരുവോണത്തിന് ഏഴുനാൾ മാത്രം ശേഷിക്കെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലും സംസ്ഥാന സർക്കാറും വാഗ്ദാനം നൽകിയ ‘ഓണസമ്മാന’മായ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തില്ലെന്ന് ഉറപ്പായി. തുറമുഖനിർമാണത്തിനെതിരെ കഴിഞ്ഞവർഷം 140 ദിവസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിനൊടുവിലായിരുന്നു ഓണസമ്മാനമായി കപ്പലടുപ്പിക്കുമെന്ന പ്രഖ്യാപനം. യഥാർഥത്തിൽ, തുറമുഖത്ത് ഉപയോഗിക്കേണ്ട ക്രെയിൻ വിഴിഞ്ഞത്ത് എത്തിക്കാനുള്ള കപ്പലാണിത്. ഈ ക്രെയിൻ പരിശോധിക്കാൻ വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ (വിസിൽ) സംഘം മേയിൽ ചൈനയിലെ ഷെൻഹുവ പോർട്ട് മെഷിനറി കമ്പനി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് നടന്നില്ല. വിസിൽ സി.ഇ.ഒയുടെ അനാരോഗ്യം മൂലമാണ് മാറ്റിെവച്ചതെന്നാണ് പിന്നീട് വന്ന വിശദീകരണം.
ക്രെയിനിനായി പണം ചെലവാക്കേണ്ടത് അദാനി ഗ്രൂപ്പാണ്. നിലവിൽ പദ്ധതി പ്രദേശത്ത് 1000 കോടി രൂപ അധികമായി ചെലവാക്കിയെന്നാണ് അവരുടെ വാദം. അതിനാൽ, പുലിമുട്ട് നിർമാണത്തിനുള്ള ആദ്യ ഗഡുവിലെ കുടിശ്ശികയായ 59 കോടി രൂപയും രണ്ടാം ഗഡുവിലെ 400 കോടിയും ഉടൻ നൽകണമെന്ന് അദാനി ഗ്രൂപ് ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രത്യേക ധാരണ പ്രകാരം നവംബർ മാസത്തോടെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പ് കപ്പലെത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ വിഷയമാണ്.
സെപ്റ്റംബർ പത്തിന് കപ്പൽ ചൈനയിൽ നിന്ന് പുറപ്പെടുമെന്നും 24ന് വിഴിഞ്ഞത്തെത്തുമെന്നുമാണ് ഇപ്പോൾ അവകാശപ്പെടുന്നത്. കരാർ പ്രകാരം പുലിമുട്ട് നിർമാണത്തിനുള്ള 1463 കോടി രൂപ മുടക്കേണ്ടത് സംസ്ഥാന സർക്കാറാണ്. കെ.എഫ്.സിയിൽനിന്ന് വായ്പ എടുത്താണ് പുലിമുട്ടിന്റെ ആദ്യ ഗഡു, തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിന്റെ പ്രാരംഭ ചെലവ് എന്നിവക്കായി പണം കണ്ടെത്തിയത്. എന്നിട്ടും, ആദ്യഗഡുവായ 384 കോടി രൂപയിൽ 325 കോടിയേ നൽകാനായുള്ളൂ. കെ.എഫ്.സി വായ്പ തിരിച്ചടവ്, പുലിമുട്ടിന്റെ രണ്ടാം ഗഡു, റെയിൽവേ നിർമാണം തുടങ്ങിയവക്കായി ഹഡ്കോയിൽനിന്ന് 3600 കോടി രൂപ വായ്പയെടുക്കാൻ ഏപ്രിലിൽ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിനായി സർക്കാർ ഗാരന്റി ബജറ്റിൽ ഉറപ്പുനൽകണമെന്ന് ഹഡ്കോ ആവശ്യപ്പെട്ടു.
തിരിച്ചടവ് തുക ബജറ്റിൽ ചേർത്താൽ അത് സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കുമെന്ന ആശങ്കയിലാണ് സർക്കാർ. ഹഡ്കോയിൽ തീരുമാനം വൈകുമെന്ന നിലവന്നപ്പോൾ വായ്പക്കായി നബാർഡിനെ വിസിൽ സമീപിച്ചു. പക്ഷേ, അവരും ഹഡ്കോയുടെ ആവശ്യം ആവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.