തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം തീർത്താണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമീഷൻ ചെയ്യുന്നത്. പ്രതിബന്ധങ്ങളുടേയും പ്രതിഷേധങ്ങളുടെയും നാളുകൾ പിന്നിട്ടാണ് ആദ്യ കപ്പൽ വിഴിഞ്ഞം തീരമണഞ്ഞത്. തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കൂറ്റൻ കപ്പലുകളെത്തി. ട്രയൽ റൺ ഘട്ടത്തിലും കൊമേഴ്സ്യൽ ഓപറേഷൻ ആരംഭിച്ചപ്പോഴും കണ്ടെയ്നറുകളുമായി കപ്പലുകൾ വന്നുപൊയ്ക്കൊണ്ടിരുന്നു. 250 ലധികം കപ്പലുകൾ ചുരുങ്ങിയ കാലയളവിൽ എത്തിയത് രാജ്യത്ത് മറ്റൊരു തുറമുഖത്തിനും ലഭിക്കാത്ത നേട്ടമായി.
തുറമുഖത്തിന്റെ നിർണായകമായ രണ്ട് കരാറുകളിൽ സംസ്ഥാനവും കേന്ദ്രവും ഒപ്പ് വെച്ചത് അടുത്തിടെയാണ്. 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയി ലഭിക്കുന്നതിനുള്ള കരാറും തുറമുഖ വരുമാനത്തിന്റെ 20 ശതമാനം കേന്ദ്ര സർക്കാറുമായി പങ്കിടുന്ന കരാറുമാണിത്. വി.ജി.എഫ് തിരിച്ചടക്കണമെങ്കിലും കരാറിന് സംസ്ഥാനം സന്നദ്ധമാവുകയായിരുന്നു.
തുറമുഖത്തിന്റെ എല്ലാഘട്ടവും 2028 ഡിസംബറോടെ പൂർത്തിയാകും. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ വികസനത്തിന് ചെലവാകുമെന്ന് കണക്കാക്കുന്ന 10,000 കോടി രൂപ പൂർണമായും അദാനി വിഴിഞ്ഞം പോർട്ട് (എ.വി.പി.പി.എ.ൽ) ആണ് വഹിക്കുക. 2028ൽ റോഡ്, റെയിൽ കണക്ടിവിറ്റി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം അഭ്യന്തര ചരക്ക് നീക്കത്തിലടക്കം പ്രകടമായിത്തുടങ്ങും.
കരാർ പ്രകാരം 2034 മുതലാണ് സംസ്ഥാനത്തിന് തുറമുഖത്തിൽനിന്നുള്ള വരുമാനം ലഭിച്ച് തുടങ്ങുക. ജി.എസ്.ടി വിഹിതം, റോയൽറ്റി, നിർമാണ സാമഗ്രികളുടെ നികുതി, ഇതര നികുതികൾ തുടങ്ങിയവയിലൂടെയാണ് വരുമാന പ്രതീക്ഷ.
തുടർഘട്ടങ്ങൾക്കും ഇനി തടസങ്ങളില്ല
തിരുവനന്തപുരം: വിഴിഞ്ഞം രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കാനാണ് തീരുമാനം.
കണ്ടെയ്നർ സംഭരണ യാർഡിന്റെയും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം , 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റർ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കൽ 7.20 Mm3 അളവിൽ ഡ്രഡ്ജിങ് എന്നിവ ഉൾപ്പെടുന്നു. തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെയായി ഉയർത്താൻ സാധിക്കും. 2028 ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി വിഴിഞ്ഞം തുറമുഖം മാറുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.