തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണംമൂലം തീരശോഷണമുണ്ടായോ എന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലയുള്ള വിദഗ്ധസമിതിയുടെ കാലാവധി നീട്ടി. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ എം.ഡി കുഡാലെ ചെയർമാനായ സമിതിക്ക് ആറുമാസം കൂടി കാലാവധി നീട്ടി നൽകി തുറമുഖ വകുപ്പ് സെക്രട്ടറി ജൂലൈ 27നാണ് ഉത്തരവിറക്കിയത്. 2023 മേയ് ഏഴിന് ഇടക്കാല റിപ്പോർട്ടും ജൂലൈ ഏഴിന് അന്തിമ റിപ്പോർട്ടും നൽകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതുവരെ ഒന്നും സമർപ്പിച്ചില്ല.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ 140 നീണ്ട സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. വീണ്ടും മൂന്നുമാസത്തിന് ശേഷമാണ് ഇവർ എന്തൊക്കെയാണ് അന്വേഷിക്കേണ്ടതെന്ന് നിശ്ചയിച്ചുനൽകിയത്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ആവശ്യം അന്ന് സർക്കാർ അംഗീകരിച്ചിരുന്നില്ല. പകരം, മത്സ്യത്തൊഴിലാളികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിയുമെന്നാണ് പറഞ്ഞിരുന്നത്. സമിതിക്ക് ഓഫിസ് സൗകര്യംപോലും മാസങ്ങൾക്കുശേഷമാണ് അനുവദിച്ചത്. പ്രവർത്തനം തുടങ്ങിയെങ്കിലും ഒരുതവണയാണ് പദ്ധതി പ്രദേശത്ത് വന്നത്. കണ്ണിൽപൊടിയിടാനുള്ള നീക്കമാണെന്ന് മത്സ്യത്തൊഴിലാളികൾ തുടക്കംമുതൽ ആരോപിച്ചിരുന്നു.
മുതലപ്പൊഴിയിലെ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ജില്ലയിലെ മന്ത്രിമാരും വകുപ്പ് മന്ത്രിയും ചേർന്നുള്ള സമിതി വിവിധ ചർച്ചകൾ നടത്തിയിരുന്നു. അപ്പോഴൊക്കെ ഡിസംബറിൽ മുതലപ്പൊഴിയെ സംബന്ധിച്ച് സമർപ്പിക്കുന്ന പഠനറിപ്പോർട്ടിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാലത് വിഴിഞ്ഞം പോർട്ട് അടക്കമുള്ള പഠനമാണെന്ന വിവരം മന്ത്രിമാർ മറച്ചുവെച്ചു. തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്ന തീയതിയും പല തവണ മാറ്റി. 2019 ഡിസംബറിൽ തീരേണ്ടിയിരുന്ന ആദ്യഘട്ടം, പൂർത്തിയാകുമെന്ന് ഇപ്പോൾ പറയുന്നത് 2024 മേയിലാണ്.
ഇതിനിടയിൽ, സമരസമിതി നിയോഗിച്ച സമാന്തര പഠന സമിതിയും പരിശോധന തുടരുകയാണ്. മത്സ്യത്തൊഴിലാളികളുടെ സമരാരംഭത്തിന്റെ ഒന്നാം വാർഷിക ദിനാചരണ ചടങ്ങിൽ ഇടക്കാല റിപ്പോർട്ടിന്റെ സംക്ഷിപ്തം അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.