തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിനെ സംബന്ധിച്ച സി ആൻഡ് എ.ജി റിപ്പോർട്ടിന് പിന്നാലെ കരാറിനെ സംബന്ധിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമീഷന് നിയമനവും വിവാദത്തിലേക്ക്. വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടമാകുമെന്നു കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നേരത്തേ കത്ത് നല്കിയ കെ. മോഹന്‍ദാസിനെ കമീഷനില്‍ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് മുന്‍ധാരണയുള്ള വ്യക്തിയെ ഒാഡിറ്റിങ്ങുമായി സഹകരിപ്പിച്ചത് സി ആൻഡ് എ.ജി റിപ്പോര്‍ട്ടില്‍ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകാൻ കാരണമാെയന്ന ആരോപണത്തിന് സമാനമായ സാഹചര്യമാണ് അന്വേഷണ കമീഷന് നിയമനത്തിലും ഉണ്ടായിരിക്കുന്നത്.
വിഴിഞ്ഞം കരാർ സംസ്ഥാനത്തിന് ദോഷകരമാണെന്ന് സി ആൻഡ് എ.ജി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അതേപ്പറ്റി അന്വേഷിച്ച് വ്യക്തതവരുത്താൻ മന്ത്രിസഭയോഗം ജുഡീഷ്യല്‍ കമീഷനെ നിയമിച്ചത്. ഹൈകോടതി മുന്‍ ജഡ്ജി സി.എന്‍. രാമചന്ദ്രന് നായരാണ് കമീഷെൻറ തലപ്പത്ത്. മുൻ ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സര്‍വിസിൽനിന്ന് വിരമിച്ച പി.ജെ. മാത്യു എന്നിവരും അംഗങ്ങളാണ്. ഇവരിൽ കെ. മോഹന്‍ദാസിെൻറ നിയമന കാര്യത്തിലാണ് വിവാദം.
വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ അദ്ദേഹത്തിന് ചില മുന്‍ധാരണകൾ ഉണ്ടായിരുെന്നന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം. വിഴിഞ്ഞം പദ്ധതിക്കെതിരെ ആരോപണം ഉന്നയിക്കുകയും അന്വേഷണം വന്നാല്‍ തെളിവ് നല്‍കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആര്. ബാലകൃഷ്ണപിള്ളയുടെ മരുമകനുമാണ് അദ്ദേഹം.
ഇക്കാര്യങ്ങൾ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും നീക്കം തുടങ്ങിയിട്ടുണ്ട്. ഈ മാസം എട്ടിന് ചേരുന്ന യു.ഡി.എഫ് യോഗവും 13ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
സർവിസിൽനിന്ന് വിരമിച്ച കെ. മോഹൻദാസിനെ യു.ഡി.എഫ് സർക്കാർ സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോർപറേഷന് ചെയര്‍മാനാക്കിയിരുന്നു. വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് ഗുണകരമല്ലെന്നു കാട്ടി 2015 മാര്‍ച്ചില്‍ അദ്ദേഹം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു.
വിഴിഞ്ഞം തുറമുഖ കരാർ അദാനിക്ക് നൽകുന്നതിന് ഡല്‍ഹിയില്‍ ഗൂഢാലോചന നടന്നെന്നും 300 കോടിയുടെ അഴിമതിയുണ്ടെന്നും ആര്. ബാലകൃഷ്ണപിള്ള ആരോപിക്കുകയും ചെയ്തിരുന്നു. അതിനാൽ അന്വേഷണ കമീഷെൻറ പ്രവർത്തനം എത്രത്തോളം നിഷ്പക്ഷമാകുമെന്ന സംശയമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഉയർത്തുന്നത്.
വിഴിഞ്ഞം പദ്ധതിക്കെതിരെ ലേഖനം എഴുതിയ ആര്. തുളസീധരന്‍പിള്ളയെ ഓഡിറ്റ് കണ്‍സള്‍ട്ടൻറായി നിയമിച്ചത് ബാഹ്യ ഇടപെടലിന് വഴിെവെച്ചന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി അക്കൗണ്ടൻറ് ജനറലിന് പരാതി നല്കാൻ തയാറെടുക്കുന്നത്. േമാഹൻദാസ് തുടർന്നാൽ സമാന സാഹചര്യം ജുഡീഷ്യൽ അന്വേഷണ കമീഷെൻറ കാര്യത്തിലും സംഭവിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.