തിരുവനന്തപുരം: വിഴിഞ്ഞം അക്രമങ്ങളിൽ വ്യക്തമായ നിലപാടെടുക്കാനാകാതെ രാഷ്ട്രീയ പാർട്ടികൾ. സംഭവങ്ങളെ മനസ്സില്ലാമനസ്സോടെ സി.പി.എം അപലപിക്കുമ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നീക്കം. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പുതിയ ഇടം തുറക്കാനാണ് സംഘ്പരിവാർ ശ്രമം. പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ കൊണ്ടുവരാൻ ബി.ജെ.പി നീക്കം ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചതാണ് തിരുവനന്തപുരം ജില്ലയിലെ തീരമേഖലയുടെ ഭൂരിഭാഗവും. ഒരുകാലത്ത് അന്യമായിരുന്ന തീരദേശ വോട്ടുകൾ ലഭിച്ചതാണ് പിണറായി സർക്കാറിന്റെ രണ്ടാം വരവിന് കാരണമായത്. ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ വലിയ പിന്തുണയാണ് എൽ.ഡി.എഫിന് ലഭിച്ചത്. എന്നാൽ, വിഴിഞ്ഞം സമര പശ്ചാത്തലത്തിൽ ലത്തീൻ സമുദായത്തെ പൂർണമായും തള്ളിപ്പറയേണ്ട നിലയിലേക്ക് എൽ.ഡി.എഫ് മാറുകയാണ്. മന്ത്രിമാർ ഉൾപ്പെടെ സഭാ നേതൃത്വത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. സഭാധ്യക്ഷൻ ഉൾപ്പെടെ പുരോഹിതർക്കെതിരെ കേസെടുത്തതിലൂടെ പിന്നോട്ടില്ല എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന നിലപാടിലാണ് സർക്കാർ. സി.പി.എം സെക്രട്ടേറിയറ്റിന്റെ പൂർണ പിന്തുണയും ഇതിനുണ്ട്.
പൊലീസ് ഭാഗത്ത് വീഴ്ചയുണ്ടായെന്ന വിലയിരുത്തലും സി.പി.എമ്മിലുണ്ട്. വോട്ട്ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ കരുതലോടെയാണ് സർക്കാർ നീക്കം. തുറമുഖ പദ്ധതിക്കായി നിലകൊണ്ട യു.ഡി.എഫിന് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് പദ്ധതിക്ക് നടപടി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ എല്ലാം പിണറായി സർക്കാറിന്റെ തലയിൽ കെട്ടിെവക്കുകയാണ് യു.ഡി.എഫ്. ലത്തീൻ വിഭാഗത്തിന്റെ വോട്ട് തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. അതേസമയം, ഇതര സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയും അവർക്കുണ്ട്.
വിഴിഞ്ഞം അക്രമങ്ങൾക്കിടയിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കുകയാണ് ബി.ജെ.പിയുെടയും സംഘ്പരിവാറിന്റെയും ലക്ഷ്യം. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലേങ്കരിയുടെയും ബി.ജെ.പി നേതാക്കളുടെയും പ്രസ്താവനകൾ വർഗീയ ധ്രുവീകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.