പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ശേഷം സൈന്യം രക്ഷിച്ച ബാബുവിന് വീടുവെച്ചു നൽകുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ബാബുവിന് വീടുവെക്കാൻ ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ജന്മദിനാശംസകൾ നേരാനെത്തിയ വേളയിൽ എം.പി വ്യക്തമാക്കി.
'ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ബാബു, മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമയാണ് ബാബു. നാടിൻറെ മുഴുവൻ പ്രാർത്ഥനയാണ് ബാബുവിന്റെ തിരിച്ചുവരവ്. ബാബുവിന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു അതിൽ ഏറെ സന്തോഷം. ജീവിതത്തിലേക്ക് വലിയൊരു തിരിച്ചുവരവാണ് ബാബു നടത്തിയിരിക്കുന്നത്. ഈ ആത്മധൈര്യം ഉയരങ്ങളിൽ എത്തിക്കട്ടെ മറ്റുള്ളവർക്ക് ആത്മധൈര്യം പകർന്ന് കൊടുക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. വീട് വച്ച് കൊടുക്കനായി ഞാൻ തന്നെ മുൻകൈ എടുക്കും' -വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മലയിടുക്കിൽ കുടുങ്ങിയപ്പോൾ ഭയമില്ലായിരുന്നെന്ന് പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ ശേഷം ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. ആദ്യം എത്തിയ ഹെലികോപ്ടർ തിരിച്ചുപോയപ്പോഴും രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കുടിവെള്ളം കിട്ടാഞ്ഞത് വലച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികരടക്കമുള്ളവരോട് നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.
താൻ മുമ്പും ഈ മലയിൽ കയറിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10നാണ് സമീപവാസികളായ കൂട്ടുകാർക്കൊപ്പം മലകയറിയത്. കുറച്ചുദൂരമെത്തിയപ്പോൾ കൂട്ടുകാർ തിരിച്ചിറങ്ങി. മലമുകളിലെ കൊടിയിൽ തൊടുകയായിരുന്നു തന്റെ ലക്ഷ്യം.
ഇതിനുശേഷം തിരിച്ചുനടക്കവെ തെന്നി മലയിടുക്കിലേക്ക് വീണു. ആദ്യം കൂടെ വന്നവരിൽ ഒരാളെയാണ് വിളിച്ചത്. പിന്നീട് ഫോട്ടോകൾ അയച്ചുകൊടുത്തു. സ്വയം മുകളിൽ എത്താൻ ബുദ്ധിമുട്ടാണെന്ന് തോന്നിയപ്പോൾ അബദ്ധം പറ്റി എന്നുപറഞ്ഞ് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അവർ രക്ഷപ്പെടുത്താമെന്ന് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞതാണ് ബുദ്ധിമുട്ടിച്ചത്, ഭയമൊന്നും തോന്നിയില്ല.
രാത്രിയിൽ മലയിടുക്കിലെ കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാനാവുന്ന വിള്ളലിലാണ് കഴിഞ്ഞത്. തണുപ്പ് കൂടിയതോടെയാണ് താഴേക്ക് ഇറങ്ങിവന്നത്. ഇതിനിടെ തനിക്ക് കുടിവെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. തന്റെ മുന്നിലെത്തിയ ഡ്രോണിനോട് എല്ലാം പറഞ്ഞു. മുട്ടു പൊട്ടിയതിനാൻ നല്ല വേദനയുണ്ടായിരുന്നു. കാൽ നിവർത്തിവെച്ചാണ് ഇരുന്നത്. ഇടക്ക് ഉറക്കം വരുമായിരുന്നു. കണ്ണടഞ്ഞുപോകുമ്പോൾ വേഗം ഉണരും. താഴെ നടക്കുന്നതെല്ലാം കാണാമായിരുന്നു. സൈനികർ ഉറക്കെ വിളിച്ചത് കേട്ടിരുന്നു. അവർക്ക് മറുപടി നൽകി. വന്യമൃഗങ്ങളെ ഒന്നും കണ്ടില്ല. സൈനികർ രക്ഷാപ്പെടുത്തിയപ്പോൾ വെള്ളം ആവശ്യപ്പെട്ടു. അദ്ദേഹം ഉടൻ വെള്ളം തന്നു. സൈന്യത്തോട് ഒരുപാട് നന്ദിയുണ്ട്. സൈന്യത്തിൽ താൽപര്യമുണ്ടെങ്കിൽ ചേരാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ വീട്ടിലേക്ക് വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു.
മലകയറാൻ ഇഷ്ടമാണ്. അടുത്തുള്ള മലകളിൽ കൂട്ടുകാരുമൊന്നിച്ച് മുമ്പും പോകാറുണ്ടായിരുന്നു.
നേപ്പാൾ സ്വദേശി സമൂഹമാധ്യമങ്ങളിലൂടെ എവറസ്റ്റ് കയറാൻ ക്ഷണിച്ചിരുന്നു. പരിശീലനം കിട്ടിയാൽ എവറസ്റ്റിൽ കയറാൻ തയാറാണ്. സേനയിൽ ചേർന്ന് പ്രവർത്തിക്കാനും താൽപര്യമുണ്ട്. നിയമവിരുദ്ധമായാണ് മലകയറിയത്. ഇനി അനുമതി തേടിയിട്ടേ കയറൂ.
മുകളിൽനിന്ന് നല്ല കാഴ്ചകളാണ് കാണാൻ സാധിച്ചത്. പാലക്കാട് നഗരം മുഴുവൻ കണ്ടു. മുമ്പ് പണമില്ലാതെ തിരുവനന്തപുരത്തെ മൈതാനത്ത് കിടന്നിട്ടുണ്ടെന്നും ബാബു പറഞ്ഞു. ഇനി എന്താണ് പരിപാടിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നാളെ മുതൽ പത്രമിടാൻ പോകണമെന്നും അടുത്ത യാത്ര തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ബാബുവിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.