എ​.കെ.ജിയെ അനുസ്മരിച്ച് വി.എം. സുധീരൻ; മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ്...

എ.കെ.ജിയെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവാണ് എ.കെ.ജിയെന്ന് സുധീരൻ അനുസ്മരിച്ചു. വേർപാടി​െൻറ 46-ാം വർഷമാണിപ്പോൾ. ഈ സാഹചര്യത്തിൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് സുധീരൻ ആദരവ് പങ്കുവെച്ചത്.

കുറിപ്പി​െൻറ പൂർണ രൂപം:

ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ വേര്‍പാടിന് 46-ാം വര്‍ഷമായി. കോണ്‍ഗ്രസിന് 364 എം.പി.മാര്‍ ഉണ്ടായിരുന്ന ആദ്യ ലോക്‌സഭയില്‍ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ.കെ.ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്‍കി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണ്. പ്രതിപക്ഷ ശബ്ദത്തിന് അര്‍ഹമായ പരിഗണന നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ.കെ.ജി.യും തങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയ പാര്‍ലമെന്റിന്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ജനാധിപത്യ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാര്‍ലമെന്റിന്റെ ദുരവസ്ഥ രാജ്യത്തിനുതന്നെ അപമാനകരമാണ്.

രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ല. ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്റും നിയമസഭയും നേരാവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ. കെ.എസ്.യു പ്രസിഡന്റായിരിക്കെ എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് എ.കെ.ജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രിയപ്പെട്ട എ.കെ.ജിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.

Tags:    
News Summary - VM Sudheeran Facebook post about AKG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.