കടുത്തുരുത്തി: ആറുമാസമായുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം.
കോട്ടയം ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് കഴിഞ്ഞദിവസം രാത്രി മുഴുവൻ കടുത്തുരുത്തി കെ.എസ്.ഇ.ബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
മാസങ്ങളായി വീട്ടിൽ വോൾട്ടേജ്ക്ഷാമം അനുഭവപ്പെടുകയാണെന്നും പ്രായമുള്ളവരുൾപ്പെടെ വീട്ടിലുണ്ടെന്നും അവർക്കുൾപ്പെടെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കുടുംബം പറഞ്ഞു. കുട്ടികളടക്കം ശരിക്ക് ഉറങ്ങിയിട്ട് മാസങ്ങളായി. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായാണ് കുടുംബം പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തിയത്. കുട്ടികളെ ഓഫിസിനുള്ളിൽ കിടത്തിയുറക്കിയശേഷം ബിബിനും ഭാര്യയും അവിടെയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് വിഷയത്തിൽ ഇടപെട്ട കെ.എസ്.ഇ.ബി അധികൃതർ വീട്ടിലേക്കുള്ള ലൈനിൽ മാറ്റം വരുത്തിയാൽ മാത്രമേ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാകുയെന്ന് വ്യക്തമാക്കി.
അലുമിനിയം ലൈനിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പുനൽകിയതോടെ കുടുംബം രാവിലെയോടെ സമരം അവസാനിപ്പിച്ച് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.