തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയ് ചുമതലയേറ്റു. വിശ്വാസ് മേത്ത വിരമിച്ചതിനെ തുടർന്ന് വന്ന ഒഴിവിലാണ് നിയമനം. 1987 ബാച്ചുകാരനായ വി.പി ജോയ് 47-ാമത്തെ ചീഫ് സെക്രട്ടറിയായാണ് ചുമതലയേൽക്കുന്നത്. സർക്കാരിന്‍റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അദ്ദേഹത്തെ അനുമോദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഡോ. വിശ്വാസ് മേത്തയുടെ ഭാര്യ പ്രീതി മേത്ത തുടങ്ങിയവർ സംബന്ധിച്ചു.
2023 ജൂണ്‍ 30 വരെയായിരിക്കും വി.പി. ജോയിയുടെ കാലാവധി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് ജനുവരിയിലാണ് അദ്ദേഹം സംസ്ഥാന സർവീസിൽ തിരിച്ചെത്തിയത്. ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. പി.എഫ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്. കവിയും സാഹിത്യകാരനും കൂടിയായ ജോയിയുടെ 'നിമിഷ ജാലകം' എന്ന കവിതാസമാഹാരത്തിന് എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.