‘രാവിലെയും വൈകീട്ടും പത്രം വായിച്ച് കൊടുക്കും, വൈകീട്ട് ടി.വി കാണും’ -എല്ലാ സംഭവങ്ങളും അച്ഛൻ അറിയുന്നുണ്ടെന്ന് വി.എസിന്റെ മകൻ

തിരുവനന്തപുരം: സമരകേരളത്തിന്‍റെ വിപ്ലവനക്ഷത്രം വി.എസ്. അച്യുതാനന്ദൻ 101 ാം പിറന്നാൾ ദിനത്തിൽ ലോ കോളജ് ജങ്ഷനിലെ മകൻ അരുൺകുമാറിന്‍റെ വീട്ടിൽ ആശംസകളുമായി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹം. വീടിനു പുറത്ത് മധുരം വിതരണം ചെയ്തും ചിത്രങ്ങളുയർത്തിയുമെല്ലായിരുന്നു ആഘോഷം.  പതിവ് ചിട്ടകളിലായിരുന്നു വി.എസ് ജന്മദിനത്തിലും. രാവിലെയുള്ള കുളി കഴിഞ്ഞ് മകൻ അൽപ നേരം പത്രം വായിച്ചുകേൾപ്പിച്ചു. പിറന്നാളായതിനാൽ അൽപം പായസം. എല്ലാ സംഭവങ്ങളും അച്ഛൻ അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ പറഞ്ഞു.

‘‘പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യം കുറച്ച് മോശമായിരുന്നു. വലതുകാലിന്‍റെ സ്വാധീനം ശരിയായിട്ടില്ല. അതുമായി പക്ഷേ, പൊരുത്തപ്പെട്ടു. നടക്കാനൊന്നും കഴിയാത്ത സ്ഥിതി വന്നതോടെ വീൽ ചെയറിലാണ്. രാവിലെയും വൈകീട്ടും പത്രം വായിച്ച് കൊടുക്കും. വൈകീട്ട് ടി.വി കാണും. കുട്ടികളുടെ പാട്ടൊക്കെ കാണുന്ന ശീലം പണ്ടേയുണ്ട്. ഡോക്ടർമാരുടെ കർശന നിർദേശമുള്ളതുകൊണ്ട് സന്ദർശകരെ അനുവദിക്കാറില്ല. പ്രിയപ്പെട്ട ആളുകൾക്കൊന്നും കാണാനാവില്ല. ബന്ധുക്കൾ പോലും വീട്ടിൽ വരാറില്ലെന്നും’’ മകൻ കൂട്ടിച്ചേർക്കുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ രാവിലെ തന്നെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിന് ഫേസ്ബുക്ക് കുറിപ്പിൽ പിറന്നാൾ ആശംസകൾ നേർന്നു. ‘പ്രിയപ്പെട്ട സഖാവ് വി.എസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു പോസ്റ്റ്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും വീട്ടിലെത്തി ആശംസകൾ അറിയിച്ചു.

വി.എസ് ചരിത്രപുരുഷൻ -പി.എസ്. ശ്രീധരൻ പിള്ള

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ചരിത്രപുരുഷനെന്നും താൻ ആരാധനയോടെ കാണുന്ന വ്യക്തിത്വമാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പിറന്നാൾ ദിനത്തിൽ വി.എസിനെ സന്ദർശിച്ച് ആശംസയറിയിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെയും അദ്ദേഹത്തിന്‍റെയും ആശയം വ്യത്യസ്തമാണ്. ചില നേതാക്കൾ അവരവരുടെ പാർട്ടി ചട്ടക്കൂടിനപ്പുറം പൊതുസമൂഹത്തിന്‍റെയും എല്ലാവരുടെയും വക്താക്കളായി മാറും. അങ്ങനെയുള്ള ഒരാളാണ് അച്യുതാനന്ദൻ. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. കേരളത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം പൊരുതി -ശ്രീധരൻ പിള്ള പറഞ്ഞു.

Tags:    
News Summary - vs achuthanandan 101st birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.