തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷ തട്ടിപ്പിൽ മുഖ്യ ആസൂത്രകരിൽ ഒരാളായ ലഖ്വിന്ദർ മുമ്പ് രണ്ടുതവണ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന് സൂചന.
ഇയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പത്തുപേരാണ് അറസ്റ്റിലായത്.
ഇതിൽ നാലുപേരെ ഹരിയാനയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മുഖ്യ ആസൂത്രകരായ ലഖ്വിന്ദർ, ദീപക് ഷിയോഖണ്ഡ്, ഉദ്യോഗാർഥി ഋഷിപാൽ, രോഹിത് ഠാക്കൂർ എന്നിവരെയാണ് ഹരിയാനയിൽനിന്ന് പിടികൂടിയത്. എല്ലാ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. പരീക്ഷ തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇതിനുശേഷം കൂടുതൽ പ്രതികളെപ്പറ്റി സൂചന ലഭിച്ചാൽ ഹരിയാനയിലേക്ക് പൊലീസ് പോകുമെന്നും കമീഷണർ അറിയിച്ചു. അതേസമയം കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനമൊട്ടാകെ പരീക്ഷ നടത്തിയിട്ടില്ല. തിരുവനന്തപുരത്ത് പത്ത് കേന്ദ്രങ്ങളിൽ മാത്രമായിരുന്നു പരീക്ഷ. മറ്റ് സംസ്ഥാനങ്ങളിൽ സമാന തട്ടിപ്പ് നടത്തിയോയെന്ന് പ്രതികളെ ചോദ്യംചെയ്താലേ അറിയാനാകൂവെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.