നല്ല കാര്യം ഡി.വൈ.എഫ്.ഐ അല്ല ആര് ചെയ്താലും അഭിനന്ദിക്കാൻ മടിയില്ല, എന്റെ വാക്കുകൾ അല്ല പ്രചരിപ്പിക്കുന്നത്, ഇത് മര്യാദകേടാണ് -വി.ടി.ബൽറാം

നല്ല കാര്യം ഡി.വൈ.എഫ്.ഐ അല്ല ആര് ചെയ്താലും അഭിനന്ദിക്കാൻ മടിയില്ല, എന്റെ വാക്കുകൾ അല്ല പ്രചരിപ്പിക്കുന്നത്, ഇത് മര്യാദകേടാണ് -വി.ടി.ബൽറാം

തിരുവനന്തപുരം: സൗമനസ്യവും ബഹുമാനവുമൊക്കെ അതർഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ എന്ന വലിയ പാഠം പഠിക്കാൻ ഡി.വൈ.എഫ്.ഐ അവസരം നൽകിയെന്ന് വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

വയനാട്ടിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ യുവജന സംഘടനകളും നടത്തിയ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ പ്രതികരണം ഡി.വൈ.എഫ്.ഐ ദുരുദ്ദേശ്യപരമായ ക്യാമ്പയിനാക്കിയെന്നും ഇത് മര്യാദ കേടാണെന്നുമാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

'വയനാട് പുനരധിവാസത്തിനായി ഡി.വൈ.എഫ്.ഐ സമാഹരിച്ച തുക കൈമാറുകയാണെന്നും അതിനേക്കുറിച്ച് വിവിധ കക്ഷികളിൽപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായമെടുത്തിട്ടുണ്ടെന്നും അക്കൂട്ടത്തിൽ രണ്ട് വാക്ക് പറയാമോ എന്നും ചേദിച്ച് രണ്ട് ചെറുപ്പക്കാർ തന്റെടുത്ത് വന്നു. വയനാട്ടിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ യുവജന സംഘടനകളും നടത്തിയ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണം നൽകുകയും ചെയ്തു.

ഡി.വൈ.എഫ്.ഐയേക്കുറിച്ച് മാത്രമല്ല, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ എല്ലാ സംഘടനകളേയും പരാമർശിച്ചുകൊണ്ടാണ് പ്രതികരണം നൽകിയത്. എന്നാൽ അതിൽ നിന്ന് കുറച്ച് ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പിന്നീട് ഡി.വൈ.എഫ്.ഐ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. അതിന് അവർ നൽകിയ തലക്കെട്ടും പൂർണമായി അവരുടെ സൃഷ്ടിയാണ്, എന്റെ വാക്കുകൾ അല്ല. നല്ല കാര്യം ഡി.വൈ.എഫ്.ഐ അല്ല ആര് ചെയ്താലും അഭിനന്ദിക്കാൻ സാധാരണ ഗതിയിൽ മടികാണിക്കാറില്ല. അത് ഒരു സാമാന്യ മര്യാദയുടെ ഭാഗമാണ്. എന്നാൽ അതിൽ ഒരു സംഘടനയെക്കുറിച്ച് പറയുന്നത് മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നതും മറ്റ് സംഘടനകളെ പരാമർശിച്ചത് ഒഴിവാക്കുന്നതും അതുവച്ച് ദുരുദ്ദേശ്യപരമായ ക്യാമ്പയിൻ നടത്തുന്നതും തിരിച്ചിങ്ങോട്ടുള്ള മര്യാദകേടാണ്.' എന്നാണ് ബൽറാം പറയുന്നത്.

12 വർഷം മുൻപ് പിണറായി വിജയനെ കുറിച്ച് പറഞ്ഞ നല്ലവാക്കുകൾ തന്നെ തിരിഞ്ഞുകൊത്തിയ കഥയും ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പങ്കുവെക്കുന്നുണ്ട്.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"പത്ത് പന്ത്രണ്ട് വർഷം മുൻപ് നടന്ന ഒരു സംഭവം ഓർമ്മവരുന്നു. ഞാൻ എംഎൽഎ ആയിരിക്കേ തൃത്താല മണ്ഡലത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള ഒരു സഹകരണ ബാങ്കിന്റെ പരിപാടിക്ക് ഉദ്ഘാടകനായി ശ്രീ പിണറായി വിജയൻ പങ്കെടുക്കുകയാണ്. അന്നദ്ദേഹത്തിന് ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മുൻ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ സംഘാടകർ ക്ഷണിച്ചിട്ടുള്ളത്. സ്ഥലം എംഎൽഎ എന്ന നിലയിൽ ഞാൻ പ്രസംഗിക്കുമ്പോൾ വേദിയിലുള്ളവരെ അഭിസംബോധന ചെയ്യുന്ന സമയത്ത് പിണറായി വിജയനേക്കുറിച്ച് ഒന്നു രണ്ട് നല്ല വാക്കുകൾ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണെങ്കിലും ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ പരസ്പരം അങ്ങനെയൊക്കെ നല്ല വാക്ക് പറയുക എന്നത് ഒരു സുജനമര്യാദയുടെ ഭാഗമാണല്ലോ, പ്രത്യേകിച്ചും സംസ്ഥാന തലത്തിലുള്ള ഒരു പ്രധാന വ്യക്തി നമ്മുടെ നാട്ടിൽ ഒരു പരിപടിക്ക് വരുമ്പോൾ. പക്ഷേ, കൗതുകകരമായ കാര്യം പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നപ്പോൾ അദ്ദേഹത്തിനെതിരെ രാഷ്ട്രീയമായും ഭരണപരമായും വിമർശനമുന്നയിക്കേണ്ടി വന്ന പല ഘട്ടത്തിലും ഈ പഴയ അഭിസംബോധനയുടെ ഒന്നര വരി വിഡിയോശകലം അതിന്റെ താഴെ കൊണ്ടുവന്ന് ഒട്ടിക്കുകയായിരുന്നു ഒരുപാട് കാലം സിപിഎമ്മുകാരുടെ പണി. ഇന്നലെകളിൽ പിണറായിയെ "പ്രശംസിച്ചിരുന്നവർ"ക്ക് ഇപ്പോൾ വിമർശിക്കാനവകാശമില്ല എന്ന മട്ടിലായിരുന്നു അവരുടെ വാദം.

അത്തരത്തിലൊരനുഭവം ഇക്കഴിഞ്ഞ ദിവസവും ഉണ്ടായി. നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷ നേതാവിന്റെ ചേംബറിനടുത്ത് നിൽക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാർ വന്ന് ഒരു ബൈറ്റ് ചോദിച്ചത്. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സമാഹരിച്ച തുക കൈമാറുകയാണെന്നും അതിനേക്കുറിച്ച് വിവിധ കക്ഷികളിൽപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായമെടുത്തിട്ടുണ്ടെന്നും അക്കൂട്ടത്തിൽ രണ്ട് വാക്ക് പറയാമോ എന്നും ആ ചെറുപ്പക്കാർ ചോദിച്ചപ്പോൾ അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണപ്പോൾ തോന്നിയത്. വയനാട്ടിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ യുവജന സംഘടനകളും നടത്തിയ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണം നൽകുകയും ചെയ്തു. ഡിവൈഎഫ്ഐയേക്കുറിച്ച് മാത്രമല്ല, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ എല്ലാ സംഘടനകളേയും പരാമർശിച്ചുകൊണ്ടാണ് പ്രതികരണം നൽകിയത്. വയനാട്ടിൽ കാണിച്ച ഈ കൂട്ടായ്മ മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യതിന്മകൾക്കെതിരയുള്ള പ്രവർത്തനങ്ങളിലും ഉണ്ടാവണം എന്ന അഭിപ്രായവും പങ്കുവച്ചിരുന്നു.

എന്നാൽ അതിൽ നിന്ന് കുറച്ച് ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പിന്നീട് ഡിവൈഎഫ്ഐ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. അതിന് അവർ നൽകിയ തലക്കെട്ടും പൂർണ്ണമായി അവരുടെ സൃഷ്ടിയാണ്, എന്റെ വാക്കുകൾ അല്ല. നല്ല കാര്യം ഡിവൈഎഫ്ഐ അല്ല ആര് ചെയ്താലും അഭിനന്ദിക്കാൻ സാധാരണ ഗതിയിൽ മടികാണിക്കാറില്ല. അത് ഒരു സാമാന്യ മര്യാദയുടെ ഭാഗമാണ്. എന്നാൽ അതിൽ ഒരു സംഘടനയേക്കുറിച്ച് പറയുന്നത് മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നതും മറ്റ് സംഘടനകളെ പരാമർശിച്ചത് ഒഴിവാക്കുന്നതും അതുവച്ച് ദുരുദ്ദേശ്യപരമായ ക്യാമ്പയിൻ നടത്തുന്നതും തിരിച്ചിങ്ങോട്ടുള്ള മര്യാദകേടാണ്. അത് മനസ്സിലാക്കാനുള്ള വിവേകവും ഔചിത്യവും അത് ചെയ്തവർക്കുണ്ടോ എന്നറിയില്ല.

സത്യാനന്തര കാലത്ത് മാധ്യമ പ്രവർത്തകർ കാര്യങ്ങളെ വളച്ചൊടിക്കുന്നു എന്ന് സ്ഥിരമായി പരാതി പറയുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ. എന്നാൽ അതിനെയെല്ലാം കവച്ചുവക്കുന്ന രീതിയിലാണ് അവരുടെ സ്വന്തം പ്രവർത്തനം എന്ന് വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരനുഭവമാണ് എന്നേ സംബന്ധിച്ചിടത്തോളം ഇത്. സൗമനസ്യവും ബഹുമാനവുമൊക്കെ അതർഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ എന്ന വലിയ പാഠം പഠിക്കാനവസരം നൽകിയവർക്ക് ആത്മാർത്ഥമായ നന്ദി."


Full View


Tags:    
News Summary - VT Balram criticizes DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.