കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുന്നു. 'കേരള കർഷക വ്യാപാരി പാർട്ടി' എന്നാണ് പുതിയ പാർട്ടിയുടെ പേര്. അടുത്ത നിയമസഭ തെരെഞ്ഞടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കാനും ഏകോപന സമിതിയുടെ സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
പാർട്ടി പ്രഖ്യാപനം ഈ മാസാവസാനത്തോടെ നടത്തുമെന്ന് സംഘടന അറിയിച്ചു. വലിയ സംഘടനയായിട്ടുപോലും ഭരിക്കുന്ന മുന്നണികൾ വ്യാപാരികൾക്ക് ഒരു പരിഗണനയും നൽകാത്ത സാഹചര്യത്തിലാണ് പാർട്ടി രൂപവത്കരിക്കുന്നത്. ചെറിയ പാർട്ടികൾക്കു പോലും സർക്കാറിെൻറ സൗകര്യങ്ങൾ ലഭിക്കുന്നു. വ്യാപാരികൾക്ക് പിണറായി സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും സംഘടന വൃത്തങ്ങൾ പറഞ്ഞു. അതിനാൽ ഇത്തവണ മുഖ്യമന്ത്രി വിളിച്ചുചേർത്ത സംഘടനനേതാക്കളുടെ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പങ്കെടുത്തിരുന്നില്ല.
കോർപറേറ്റുകൾക്കെതിരായ കൂട്ടായ്മയായിരിക്കും കർഷകരെ കൂടി ഉൾപ്പെടുത്തിയുള്ള പാർട്ടി എന്നാണ് വ്യാപാരി നേതാക്കൾ പറയുന്നത്. പത്തു ലക്ഷം അംഗങ്ങളും 3,000 യൂനിറ്റുകളും സംഘടനക്കുണ്ട്. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രാജു അപ്സര, വൈസ് പ്രസിഡൻറ് ഷാജഹാൻ, പാലക്കാട് ജില്ലാ പ്രസിഡൻറ് ലത്തീഫ്, എറണാകുളം ജില്ല പ്രസിഡൻറ് ജേക്കബ്, സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.