തിരുവനന്തപുരം: ശമ്പളമുടക്കത്തിന് കാരണം ട്രഷറിയിലെ സാങ്കേതിക പ്രശ്നമാണെന്ന സർക്കാർ വാദം പൊളിഞ്ഞു. ശമ്പളത്തിനുള്ള പണം തികയാതെ വന്നതോടെ രണ്ടാംദിവസവും വിതരണം മുടങ്ങി. തിങ്കളാഴ്ച നൽകിത്തുടങ്ങുമെന്നാണ് സർക്കാറിന്റെ പുതിയ വിശദീകരണം.
രണ്ടാംദിവസവും ശമ്പളവിതരണം നടക്കാത്തതോടെ ജീവനക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. തിങ്കളാഴ്ചയും ശമ്പളം കിട്ടിയില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിൽ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്നമാണെന്നുമുള്ള വാദം ആവർത്തിച്ച് ധനമന്ത്രി ശനിയാഴ്ചയും രംഗത്തെത്തി. അർഹമായ 13,000 കോടി കേന്ദ്രം തടഞ്ഞുവെച്ചെന്നും ശമ്പളവും പെൻഷനും മുടക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
സെക്രട്ടേറിയറ്റ്, പൊലീസ്, ജുഡീഷ്യറി, ജയിൽ, റവന്യൂ അടക്കം 1.75 ലക്ഷം ജീവനക്കാർക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിവസമായ വെള്ളിയാഴ്ചയും വിദ്യാഭ്യാസം, ആരോഗ്യ വകുപ്പുകളിലായി രണ്ട് ലക്ഷത്തോളം പേർക്ക് ശനിയാഴ്ചയുമാണ് ശമ്പളമെത്തേണ്ടിയിരുന്നത്.
എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ട് വഴിയാണ് ജീവനക്കാർക്കുള്ള ശമ്പളവിതരണം. ഇ.ടി.എസ്.ബി അക്കൗണ്ടിൽ പണം വന്നശേഷം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇ.ടി.എസ്.ബി പരിശോധിക്കുമ്പോൾ ശമ്പളമെത്തിയതായി കാണുന്നുണ്ടെങ്കിലും ബെനിഫിഷ്യറി അക്കൗണ്ടിലേക്ക് പണമെത്താത്തതിനാൽ പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മതിയായ പണമില്ലാത്തതിനാല്‍ ഇ.ടി.എസ്.ബി അക്കൗണ്ട് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ട്രഷറി അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. വ്യക്തിഗത സേവിങ്സ് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നത് ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാനാണ് നിർദേശം.
ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള ജീവനക്കാർക്ക് മാത്രമാണ് ശനിയാഴ്ച ശമ്പളം പിൻവലിക്കാൻ കഴിഞ്ഞത്. തുച്ഛം പേർക്കാണ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിന് പൊതുമേഖല സ്ഥാപനങ്ങളോട് ലാഭവും നീക്കിയിരിപ്പുമെല്ലാം അടിയന്തരമായി ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചു. അഞ്ച് കോടിക്ക് മുകളിലെ നിക്ഷേപത്തിന് 8.5 ശതമാനം പലിശയാണ് വാഗ്ദാനം. അതേസമയം ഒരു വിഭാഗം പെൻഷൻകാർക്ക് ശനിയാഴ്ച തുക കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.