പാലക്കാട്: വാളയാറിൽ ബലാത്സംഗത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സി.ബി.ഐയെ പ്രേരിപ്പിച്ചത് കുട്ടികളുടെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും പിതൃസഹോദരിയുടെയും മൊഴികൾ. സി.ബി.ഐ ഓഫിസിലെത്തിയാണ് ഇവർ മൊഴി നൽകിയത്. പെൺകുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മാതാവിനും രണ്ടാനച്ഛനുമെതിരെ ഇവർ മൊഴി നൽകിയിരുന്നു.
പെൺകുട്ടികളുടെ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തെന്ന് സൂചിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറച്ച് മുമ്പ് പങ്കുവെച്ച പോസ്റ്റും ഈ മൊഴിയോട് സമാനതകളുള്ളതായിരുന്നു. മൂത്ത പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴിയിൽ അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാത്സംഗത്തെപ്പറ്റി പറയുന്നതായി അഡ്വ. ഹരീഷ് വാസുദേവൻ സൂചിപ്പിച്ചിരുന്നു. രണ്ടാനച്ഛൻ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായും മൊഴിയുണ്ട്.
പെൺകുട്ടികളുടെ മാതാവ് ഉൾപ്പെടുന്ന വാളയാർ നീതി സമരസമിതിയിൽ നിന്ന് വേർപിരിഞ്ഞ് നീതി സമരസമിതി എന്ന പേരിൽ സംഘടനയുണ്ടാക്കിയവരും ഈ വാദമാണുയർത്തുന്നത്. കുട്ടികളുടെ ദുരിതാവസ്ഥ മനസ്സിലാക്കി അധ്യാപകർ വിദ്യാലയത്തിലേക്ക് വിളിച്ചപ്പോൾ മാതാവ് പോയിരുന്നോ, പിന്നീട് കുട്ടികളെ മാതാവ് വീട്ടിൽ സംരക്ഷിച്ചിരുന്നോ എന്നീ സംശയങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. അമ്മയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതും ഈ സംഘടനയാണ്.
പാലക്കാട്: വാളയാര്‍ കേസ് സി.ബി.ഐ അട്ടിമറിച്ചെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ. മാതാപിതാക്കളായ തങ്ങളെയും പ്രതിചേര്‍ത്ത നടപടി നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. സി.ബി.ഐക്ക് യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തങ്ങളെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരിക്കുന്നത്. സി.ബി.ഐ വിചാരിച്ചിരുന്നെങ്കില്‍ ഈ കേസ് സത്യസന്ധമായി തെളിയുമായിരുന്നു. 2017 ജനുവരിയില്‍ മൂത്ത മകള്‍ മരിച്ച സമയത്ത് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞിട്ടും തങ്ങള്‍ മറച്ചുവെച്ചെന്നാണ് സി.ബി.ഐ പറയുന്നത്. അന്ന് ആ വിവരമറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കേണ്ട ഗതികേട് എനിക്കുണ്ടാകില്ലായിരുന്നെന്ന് അമ്മ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് കുട്ടികള്‍ പീഡനത്തിനിരയായ വിവരമറിയുന്നത്. മൂത്തമകളുടെ മരണശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പല തവണ സ്റ്റേഷനിൽ കയറിയിറങ്ങി. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്ന് മടക്കിയയച്ചു. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരുമിച്ച് നല്‍കിയത്. രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടെന്നാണ് അതില്‍ പറയുന്നത്.
ഈ കേസ് ഒരിക്കലും തെളിയാന്‍ പാടില്ലെന്നാണ് സി.ബി.ഐയുടെ ആവശ്യം. അതിനാലാണ് അവസാനഘട്ടത്തില്‍ അച്ഛനെയും അമ്മയെയും പ്രതിചേര്‍ത്ത് നാടകവുമായി സി.ബി.ഐ ഇറങ്ങിയിരിക്കുന്നത്. യഥാര്‍ഥ പ്രതികളിലേക്കെത്താന്‍ അവർ ശ്രമിച്ചില്ല. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണ്. അവരെ കൊന്നതാണെന്ന് ഈ ലോകത്തോട് പറയണം. ഞങ്ങള്‍ കുറ്റവാളികളല്ലെന്ന് തെളിയിക്കണം. നിയമപോരാട്ടം തുടരും -അവർ പറഞ്ഞു.
സി.ബി.ഐ ആദ്യം സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെ തുടർന്ന് നിയോഗിക്കപ്പെട്ട രണ്ടാം അന്വേഷണ സംഘവും കൊലപാതക സാധ്യത തേടിയില്ലെന്ന് വാളയാർ നീതി സമരസമിതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കുട്ടിയുടെ ഉയരവും സെലോഫിൻ പരിശോധന വിവരങ്ങളും ആദ്യകുട്ടി കൊല്ലപ്പെട്ടപ്പോൾ രണ്ടാമത്തെ കുട്ടി നൽകിയ മൊഴികളും മറ്റു സാഹചര്യത്തെളിവുകളും പരിഗണിച്ചില്ല.
അമ്മയും അച്ഛനും ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നതും ബന്ധു കൂടിയായ പ്രതി പീഡിപ്പിച്ച കാര്യം അമ്മ മറച്ചുവെച്ചെന്നതും വിചിത്രവാദമാണ്. ഇത് ഹൈകോടതിയുടെ നേരത്തേയുള്ള വിധിയെ പരിഹസിക്കുന്നതാണ്. ഇരകൾക്ക് മേൽ പ്രതി നടത്തിയ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾ വെളിപ്പെടുത്തിയത് രണ്ടു മാസത്തിനു ശേഷം മാത്രമാണെന്ന വിചാരണകോടതി ജഡ്‌ജിയുടെ നിലപാടിനെ ഹൈകോടതി തന്നെ തള്ളിയതാണ്. അമ്മയെയും അച്ഛനെയും വിസ്തരിച്ചപ്പോൾ നൽകിയ മൊഴികളിൽനിന്ന് മനസ്സിലായത് അവർ ഇക്കാര്യം ആരെയും അറിയിക്കാതിരുന്നത് കൗമാരക്കാരിയായ മകൾക്കുണ്ടാകാവുന്ന അപമാനം ഭയന്നിട്ടായിരുന്നു എന്നാണെന്ന് ഹൈകോടതി പറഞ്ഞിരുന്നു.
ഇരകളുടെ കുടുംബം വരുന്നത് സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന പശ്ചാത്തലത്തിൽനിന്നാണെന്നത് മനസ്സിലുണ്ടാകണം. ലൈംഗികാതിക്രമം സംബന്ധിച്ചുള്ള കാര്യങ്ങൾ അവർ മറച്ചുവെച്ചു എന്നത്, ഹൈകോടതി വിധിയനുസരിച്ചുതന്നെ ന്യായീകരിക്കത്തക്കതാണ്. എന്നാൽ, ഇത് മാതാപിതാക്കൾ ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്ന രീതിയിൽ വ്യാഖ്യാനിക്കുക വഴി ഹൈകോടതി വിധിയെത്തന്നെ പരിഹസിക്കുകയാണ് സി.ബി.ഐ കുറ്റപത്രമെന്നും വാളയാർ നീതി സമരസമിതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.