പത്തനംതിട്ട: കേന്ദ്ര സർക്കാറിന്റെ വഖഫ് നിയമ ഭേദഗതി ബില്ല് സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആന്റോ ആന്റണി എം.പി. ‘വഖഫ് നിയമഭേദഗതി ബില്ലും ആശങ്കകളും’ വിഷയത്തിൽ ജില്ല മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ദീർഘകാല അജണ്ടയുടെ ഭാഗമായി അവർ ഓരോന്നായി നടപ്പാക്കുകയാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരൻമാരായി അവർ കാണുന്നു.
രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് സംഘ പരിവാർ ശ്രമം. പൗരസ്ത്യ ഭേദഗതി നിയമത്തിലൂടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത അവരിൽ കെട്ടിവെച്ചു. രാജ്യത്ത് 14 ശതമാനത്തോളം വരുന്ന മുസ്ലിം സമൂഹത്തിൽ നിന്ന് ഒരു മന്ത്രി ഇല്ലാത്ത നാടാണ് ഇതെന്നും എം.പി. പറഞ്ഞു. പാർലമെന്റിലെ ഇതരകക്ഷികളെല്ലാം ഇതിനെ എതിർക്കുകയാണ്. എന്നിട്ടും ബില്ലുമായി മുന്നോട്ടുപോകാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ടൗൺ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാറിൽ മുന്‍ ജില്ല ജഡ്ജി ഡി.എം.സി.സി ചെയർമാൻ ഇ.എം. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
രാജ്യത്ത് പത്ത് ലക്ഷത്തോളം വഖഫ് ഭൂമികൾ ഉണ്ട്. ഇവ പല നൂറ്റാണ്ടുകളായി ഉളളതാണ്. ഇവയുടെ അധികാരം കലക്ടർമാരിൽ നിക്ഷിപ്തമാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട നഗരസഭാ ചെയര്മാന് സക്കിര്‍ ഹുസൈന് മുഖ്യാതിഥി ആയിരുന്നു. കേന്ദ്ര വഖഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. ബി.എം. ജമാല്‍ വിഷയം അവതരിപ്പിച്ചു. വഖഫിലെ ഇസ്ലാമിക വീക്ഷണം എന്ന വിഷയം സംബന്ധിച്ച് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം ഓച്ചിറ അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണം നടത്തി. പത്തനംതിട്ട ടൗണ്‍ ജുമ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. പത്തനംതിട്ട ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്.ഷാജഹാന് സ്വാഗതവും ഡി. എം.സി .സി ട്രഷറര്‍ കാസിം കോന്നി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.