തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ബുധനാഴ്ച. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന യോഗത്തിലേക്ക് പ്രബല മുസ്ലിം സംഘടനകളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചത്. നേരത്തേ ഓൺലൈനായി നടത്താൻ തീരുമാനിച്ച യോഗം പിന്നീട് നേരിട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു. സംഘടനകളുമായുള്ള ചർച്ചക്കുശേഷം മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നും നടക്കും.
വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള ബിൽ നേരത്തേ നിയമസഭയിൽ പാസാക്കുകയും ഗവർണർ ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നടപടിക്കെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവരികയും മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ, സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മുസ്ലിം സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ചർച്ച നീണ്ടുപോകുകയായിരുന്നു. നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ സംഘടനകൾ വീണ്ടും പ്രതിഷേധമുയർത്തി. പിന്നാലെയാണ് ഏപ്രിൽ 20ന് ചർച്ച നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.