കല്‍പറ്റ: വാറന്‍റി കാലാവധിയില്‍ തകരാറിലായ മൊബൈല്‍ ഫോണിന്‍റെ ആദ്യ സര്‍വിസിനു പണം ഈടാക്കുകയും വീണ്ടും കേടായപ്പോള്‍ അറ്റകുറ്റപ്പണിക്ക് വിസമ്മതിക്കുകയും ചെയ്തെന്ന പരാതിയില്‍ ഉപഭോക്താവിന് അനുകൂലമായി വയനാട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധി. 18,902 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതിവിധി.
കടയുടമയും സര്‍വിസ് സെന്‍റര്‍ മാനേജറും 1:3 എന്ന അനുപാതത്തില്‍ നഷ്ടപരിഹാരമായി 10,000 രൂപ നല്‍കണം. കൂടാതെ, ഫോണിന്റെ വിലയും ആദ്യ സര്‍വിസിന് ഈടാക്കിയ 302 രൂപയും സഹിതം 4902 രൂപയും പരാതി ചെലവിനത്തില്‍ 4,000 രൂപയും ഇതേ അനുപാതത്തില്‍ നല്‍കണമെന്ന് കോടതി വിധിച്ചു. മുഴുവന്‍ തുകക്കും പരാതി തീയതി മുതല്‍ ആറു ശതമാനം പലിശ ഉപഭോക്താവിന് ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്.
സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തുവീട് എ.വി. ബെന്നി സുല്‍ത്താന്‍ ബത്തേരിയിലെ വാട്സ്ആപ് മൊബൈല്‍ ഷോപ് ഉടമ, സര്‍വിസ് ചുമതലയുള്ള ഇന്‍സൈറ്റ് മൊബൈല്‍ കെയര്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് പി.എസ്. അനന്തകൃഷ്ണന്‍ പ്രസിഡന്‍റും എം. ബീന, എ.എസ്. സുഗതന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കോടതി വിധി.
2017 ഡിസംബര്‍ 24നാണ് ബെന്നി രണ്ടു വര്‍ഷം സര്‍വിസ് വാറന്‍റിയുള്ള ലാവ എ-44 ഫോണ്‍ 4,600 രൂപക്ക് വാങ്ങിയത്. 2018 ഒക്ടോബറില്‍ ഫോണ്‍ തകരാറിലായി. ബാറ്ററി ചാര്‍ജാകാത്തതായിരുന്നു പ്രശ്നം. ഫോണുമായി കടയിൽ എത്തിയ ബെന്നിയെ ഉടമ മാനുഫാക്ചറിങ് കമ്പനിയുടെ അംഗീകൃത സര്‍വിസ് സെന്‍ററിലേക്ക് വിട്ടു. വെള്ളത്തില്‍ വീണതാണ് തകരാറിനു കാരണമെന്നും വാറന്‍റിക്ക് അര്‍ഹതയില്ലെന്നും പറഞ്ഞ് 302 രൂപ അവർ ഈടാക്കി.
വീട്ടിലെത്തി ഫോണ്‍ ചാര്‍ജിലിട്ടപ്പോള്‍ തകരാര്‍ പരിഹരിച്ചില്ലെന്ന് മനസ്സിലാക്കിയ ബെന്നി വീണ്ടും സമീപിച്ചപ്പോള്‍ അറ്റകുറ്റപ്പണിക്ക് സര്‍വിസ് സെന്‍റര്‍ നടത്തിപ്പുകാര്‍ തയാറായില്ല. തുടര്‍ന്നാണ് ബെന്നി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫോണ്‍ തകരാറിലായതിന് റീടെയ്ലർക്ക് ഉത്തരവാദിത്തമില്ലെന്ന് മൊബൈല്‍ ഷോപ് ഉടമ വിചാരണ വേളയില്‍ വാദിച്ചത് കോടതി അംഗീകരിച്ചില്ല.
വില്‍പനാനന്തര സേവനം റീടെയ്‍ലറുടെ ഉത്തരവാദിത്തമാണെന്ന് കോടതി നിരീക്ഷിച്ചു. വെള്ളം കയറി കേടായ ഫോണിന് സര്‍വിസ് വാറന്‍റി ലഭിക്കില്ലെന്ന ഇന്‍സൈറ്റ് മൊബൈല്‍ കെയര്‍ മാനേജറുടെ വാദവും കോടതി തള്ളി. ഫോണില്‍ വെള്ളം കയറിയെന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ ഉതകുന്ന രേഖ ഹാജരാക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പരാതിക്കാരനുവേണ്ടി അഡ്വ. കെ.വി. പ്രചോദാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.