ആലപ്പുഴ: അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ മേയിലെ ഏറ്റവും ഉയർന്ന അളവിൽ ജലം. പ്രളയം തിമിർത്ത 2018ൽ ഇൗ സമയത്തുണ്ടായിരുന്നതിനെക്കാൾ വെള്ളമാണ് ഇടുക്കിയിലടക്കം ഇപ്പോഴുള്ളത്. 23 ദിവസംകൊണ്ട് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിെൻറ നാലിരട്ടി വെള്ളമാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തീവ്രമഴയുണ്ടായാല് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വരുന്നത് മുൻകൂട്ടിക്കണ്ട് കരുതൽ നടപടികൾക്ക് അടിയന്തര ഉന്നതതല യോഗം തീരുമാനിച്ചു.
ഇൗ മാസം ഇന്നലെവരെ 100.903 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചത്. എന്നാല്‍, 381.91 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 1409.342 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടിലുമായി ആകെയുള്ളത്. സംഭരണശേഷിയുടെ 34 ശതമാനമാണിത്.
2018ല്‍ ഇതേദിവസം 1067.085 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് (25 ശതമാനം) ഉണ്ടായിരുന്നത്. 2017ൽ 13 ശതമാനവും 2019ൽ 20.6 ശതമാനവുമായിരുന്നു ജലത്തിെൻറ അളവ്. കഴിഞ്ഞ വർഷം ഇൗ സമയം 30.9 ശതമാനമായിരുന്നു വെള്ളം.
മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇക്കുറി അണക്കെട്ടുകൾ വലിയതോതിൽ ജലസമൃദ്ധമാകാനിടയുള്ളത് മുൻനിർത്തി ജലനിരപ്പ് പരമാവധി കുറച്ചുനിര്‍ത്തുന്നതിന് ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. രണ്ടു ദിവസമായി പുറംവൈദ്യുതിയെക്കാൾ ജലവൈദ്യുതി ഉൽപാദനമാണ് കൂടുതൽ. അപൂർവമായി മാത്രമാണ് ഇങ്ങെന സംഭവിക്കാറ്. പ്രതിദിന ഉപഭോഗത്തില്‍ ശരാശരി 70 ശതമാനം വരെ പുറമെനിന്നുള്ള വൈദ്യുതിയാകുന്ന പതിവ് തെറ്റിച്ചാണിത്. ഉപഭോഗം കുറഞ്ഞുനില്‍ക്കുന്നതിനാല്‍ പവര്‍ എക്സ്ചേഞ്ച് വഴി വൈദ്യുതി വില്‍ക്കാനും ഇൗ മാസം വൈദ്യുതി വകുപ്പിന് കഴിഞ്ഞു.
ഞായറാഴ്ച 75 .14 ലക്ഷം യൂനിറ്റ് വൈദ്യുതി യൂനിറ്റിന് 2.779 രൂപ നിരക്കില്‍ വിറ്റ് 2.1 കോടിയാണ് ലഭിച്ചത്. തിങ്കളാഴ്ച 73.82 ലക്ഷം യൂനിറ്റ് വൈദ്യുതി ശരാശരി 2.56 രൂപ നിരക്കിലും വിറ്റു.
ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 35 ശതമാനം വെള്ളമുണ്ട്. പൊന്മുടി അണക്കെട്ടില്‍ 76 ശതമാനം, പമ്പ കക്കിയിൽ 39, ഷോളയാര്‍ 28, ഇടമലയാര്‍ 29, കുറ്റ്യാടി 50, തരിയോട് 11, ആനയിറങ്കല്‍ 17, നേര്യമംഗലം 58, പെരിങ്ങല്‍കുത്ത് 55, ലോവര്‍ പെരിയാര്‍ 68, കുണ്ടള 13, മാട്ടുപ്പെട്ടി 33 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലശേഖരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.