കട്ടപ്പന: പെരിയാറിലെയും പോഷകനദികളിലെയും ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി ഡാമിലേക്കു നീരൊഴുക്ക് കുറഞ്ഞുതുടങ്ങി. പെരിയാർ നദിയിലെ നീരൊഴുക്ക് നിലച്ചതോടെ ഹൈറേഞ്ചിലെ കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് കുത്തനെ താഴ്ന്നു. ആഗസ്റ്റിൽ കനത്ത മഴയെത്തുടർന്ന് പെരിയാർ കരകവിഞ്ഞ് ജലനിരപ്പ് 12 അടിയിലേറെ ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ പെരിയാറിലെ നീരൊഴുക്ക് പേരിന് മാത്രമാണ്.
ചിലയിടങ്ങളിലെ കയങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മാത്രമാണ് എക ആശ്വാസം. ഇപ്പോൾ പെരിയാർ ചെറിയ തോടിന് സമാനമായി മാറി. രാത്രിയിലും പുലർച്ചയും വൈകീട്ടുമുള്ള മഞ്ഞും പകൽ ശക്തമായ ചൂടുമാണ് ജലസ്രോതസ്സുകൾ വേഗത്തിൽ വറ്റാൻ ഇടയാക്കിയത്. മൂന്ന് വർഷത്തിനിടെ മാർച്ചിൽ പെരിയാർ ഇത്രയധികം വറ്റുന്നത് ഇത് ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
ജനുവരി ആരംഭത്തിൽ ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും നല്ല മഴ ലഭിച്ചെങ്കിലും പെരിയാർ നദി മേഖലയിൽ കുറവായിരുന്നു. ഏലത്തോട്ടങ്ങളോട് അനുബന്ധിച്ച് നിർമിച്ച പടുതക്കുളങ്ങളിലും ചെക്ക് ഡാമുകളിലും ജലനിരപ്പ് തീരെ കുറഞ്ഞു. ഉറവകൾ വറ്റിയത് ചെക്ക് ഡാമുകൾ വേഗം വറ്റാൻ ഇടയാക്കി.
പെരിയാറിന്റെ കൈവഴികളായ കട്ടപ്പനയാർ, ഇരട്ടയാർ, ചിന്നാർ തുടങ്ങിയ നദികളെല്ലാം വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ പരിസര മേഖലകളിലെ ശുദ്ധജല മാർഗങ്ങളും ജലസേചന സൗകര്യങ്ങളും ഇല്ലാതാകുകയാണ്.
ഏലം, തേയില തോട്ടങ്ങളെയും ഇത് ബുദ്ധിമുട്ടിലാക്കി. ഇപ്പോൾ കുടിക്കാനും കുളിക്കാനുമെല്ലാം നാട്ടുകാർ പെരിയാറിനെയാണ് ആശ്രയിക്കുന്നത്. വേനലിന്റെ ആരംഭത്തിൽ തന്നെ വെള്ളത്തിന് ഇത്രയും ബുദ്ധിമുട്ടു നേരിടുന്നതിനാൽ ശക്തമാകുന്ന വരും മാസങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഹൈറേഞ്ച് ജനത.ഇ ഏക പ്രതീക്ഷ വേനൽ മഴ മാത്രമാണ്. ഈ അവസ്ഥയിൽ വേനൽ മഴ ഉണ്ടാകുമോയെന്നത് പ്രവചനാതീതമാണ്.
പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ പ്രളയത്തിന്റെ അവശേഷിപ്പുകളായ മാലിന്യം നദിയിൽ വൻതോതിൽ ദൃശ്യമായി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.