മൂലമറ്റം: വേനൽ കനക്കുകയും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങി. അണക്കെട്ടിലെ ചൊവ്വാഴ്ചത്തെ ജലനിരപ്പ് 2354.4 അടിയാണ്. ഇത് പൂർണ സംഭരണശേഷിയുടെ 49.85 ശതമാനമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 22 അടി ജലം കുറവാണ് ഇത്. കഴിഞ്ഞവർഷം ഇതേസമയം 2376.24 അടി ജലം അവശേഷിച്ചിരുന്നു.
ഇത് പൂർണ സംഭരണശേഷിയുടെ 70 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ മാത്രം 11 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് ചൊവ്വാഴ്ച 5.67 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. കഴിഞ്ഞമാസത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉൽപാദനം 9.12 ദശലക്ഷം യൂനിറ്റാണ്. വരുംദിവസങ്ങളിൽ വേനൽ രൂക്ഷമാകുകയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിക്കുകയും ചെയ്യും.
ഇത് മറികടക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടതായി വരും. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനവും ഇതിന്‍റെ ഭാഗമായി വർധിപ്പിക്കേണ്ടതായി വരും. 12 മുതൽ 15 ദശലക്ഷം വരെയാകും അന്നേരത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം. ഈ നിലയിൽ വൈദ്യുതി ഉൽപാദനം തുടർന്നാൽ 80 ദിവസത്തേക്കുള്ള ജലം മാത്രമേ അണക്കെട്ടിൽ അവശേഷിക്കുന്നുള്ളൂ.
അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞത് സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തെ സാരമായി ബാധിക്കും. സംസ്ഥാനത്തെ ചൊവ്വാഴ്ചത്തെ ആകെ വൈദ്യുതി ഉപയോഗം 81.15 ദശലക്ഷം യൂനിറ്റാണ്. 64 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറംസംസ്ഥാനങ്ങളിൽനിന്നും വിലയ്ക്ക് വാങ്ങിയപ്പോൾ 17.14 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു.
വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. 2021 മാർച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗമാണ് കെ.എസ്.ഇ.ബി ംയുടെ സർവകാല റെക്കോഡ്. ഈ വർഷം ഇതും മറികടക്കാനാണ് സാധ്യത.
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകറ്റപ്പണി പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ടു മുതൽ ആറ് ജനറേറ്ററും പ്രവർത്തിച്ച് തുടങ്ങി.ഡിസംബർ അവസാനത്തോടെ പൂർത്തിയാകേണ്ട അറ്റകുറ്റപ്പണിയാണ് ഫെബ്രുവരി വരെ അധികരിച്ചത്.
തുടർച്ചയായി ലഭിച്ച മഴയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കേണ്ടതായും വന്നിരുന്നു. ഈ കാലഘട്ടത്തിൽ വാർഷിക അറ്റകുറ്റപ്പണി നിർത്തിവെച്ചിരുന്നു. ഇതാണ് അറ്റകുറ്റപ്പണി രണ്ടുമാസം നീളാൻ കാരണം. ജൂൺ മുതൽ ഡിസംബർ വരെയാണ് സാധാരണ വാർഷിക അറ്റകുറ്റപ്പണി നടത്തി വരുന്നത്. ഓരോ മാസവും ഓരോ ജനറേറ്റർ എന്ന രീതിയിലാണ് അറ്റകുറ്റപ്പണി നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.