പുഴകള്‍ക്ക് മരണമണി: നീരൊഴുക്ക് കുറയുന്നതായി പഠനം

കോഴിക്കോട്: കുടിവെള്ള ലഭ്യതക്ക് കടുത്ത ഭീഷണി ഉയര്‍ത്തി സംസ്ഥാനത്തെ നദികളിലെ നീരൊഴുക്ക് വര്‍ഷംപ്രതി കുറയുന്നു. കേന്ദ്രജലവിഭവ കമീഷന്‍, സി.ഡബ്ള്യു.ആര്‍.ഡി.എം, സംസ്ഥാന ജലവിഭവ വകുപ്പ്, ജലസേചന വകുപ്പ് എന്നിവ 1970 മുതല്‍ സംസ്ഥാനത്തെ പുഴകളിലെ നീരൊഴുക്ക് സംബന്ധിച്ച് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 44 നദികളില്‍ 20 എണ്ണത്തില്‍ നടത്തിയ പഠനത്തില്‍ എല്ലാത്തിലും നീരൊഴുക്ക് ഗണ്യമായി  കുറയുന്നതായാണ് കണ്ടത്തെല്‍.

പത്തുവര്‍ഷത്തിനിടെ മാത്രം 40 ശതമാനത്തോളമാണ് നീരൊഴുക്കില്‍ വന്ന കുറവ്. നേരത്തേ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയായിരുന്ന കുറവ് കഴിഞ്ഞ വര്‍ഷം പത്ത് ശതമാനമായി വര്‍ധിച്ചു. മഴക്കാലം, വേനല്‍ക്കാലം, വാര്‍ഷികം എന്നിങ്ങനെ മൂന്നുതരത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒമ്പത് നദികളില്‍ ആശങ്കജനകമായ രീതിയില്‍ വെള്ളം കുറയുന്നു.

കാസര്‍കോട് ജില്ലയിലെ കരിങ്ങോട് പുഴ,  ചാലിയാര്‍ (കോഴിക്കോട്) , ഭാരതപ്പുഴ, ഭവാനിപ്പുഴ (പാലക്കാട്), കരുവന്നുര്‍ (തൃശൂര്‍), മുവ്വാറ്റുപുഴ (എറണാകുളം), പമ്പ (പത്തനംതിട്ട), കല്ലട, ഇത്തിക്കര (കൊല്ലം) എന്നീ നദികളിലാണ് അപകടകരമായ തോതില്‍ വെള്ളം കുറയുന്നത്. പ്രതിവര്‍ഷം, മഴക്കാലം, വേനല്‍ക്കാലം എന്നീ മൂന്ന് കണക്കുകളിലും കൊല്ലം ജില്ലയിലെ ഇത്തിക്കര നദിയിലാണ് നീരൊഴുക്ക് ഏറ്റവും കുറവ് കണ്ടത്തെിയത്. 

ചാലിയാര്‍, പമ്പ, ചാലക്കുടി നദികളാണ് തൊട്ടുപിന്നില്‍. പുഴകളിലെ നീരൊഴുക്ക് കുറയുന്നതിന് സമാന്തരമായി, പുഴകളിലേക്ക് വരുന്ന ഉപ്പുവെള്ളത്തിന്‍െറ നിരക്ക് ഉയരുന്നതോടെ ശുദ്ധജലം വന്‍തോതില്‍ മലിനമാവുകയും ചെയ്യുന്നു.

പ്രതിവര്‍ഷം 15 മുതല്‍ 25 കി.മീ. ദൂരത്തില്‍ ഉപ്പുവെള്ളം കയറുന്നതായി പഠനം പറയുന്നു. ചാലിയാര്‍ പുഴയില്‍ ബേപ്പൂര്‍ ഭാഗത്ത് 24 കി.മീ. ആണ് ഉപ്പുവെള്ളം കയറിയത്. മീനച്ചില്‍, കുറ്റ്യാടി പുഴകളിലും സ്ഥിതി രൂക്ഷമാണ്. പ്രതിവര്‍ഷം 1.75 മി.മീ. എന്നതോതില്‍ സമുദ്രനിരപ്പ് ഉയരുന്നതും ഉപ്പുവെള്ളക്കയറ്റത്തിന് കാരണമാണ്. വര്‍ഷകാല മഴയിലും തുലാമഴയിലും വന്‍തോതില്‍ കുറവ് വന്ന സാഹചര്യത്തില്‍ ഇത്തവണ പുഴകളിലെ നീരൊഴുക്ക് കുറയാനും ഉപ്പുവെള്ളക്കയറ്റം കൂടാനും സാധ്യതയുണ്ടെന്ന് സി.ഡബ്ള്യു.ആര്‍.ഡി.എം ഡയറക്ടര്‍ ഡോ. ഇ.ജെ. ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - water scarcity in rivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.