കൽപറ്റ: രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്താനും വയനാട് മണ്ഡലം ഒഴിയാനുമുള്ള സാധ്യത ഏറിയതോടെ രാജ്യത്തിന്റെ കണ്ണുകൾ വീണ്ടും വയനാട്ടിലേക്ക്. രാഹുൽ വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമായി. ദേശീയ നേതൃത്വവും ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ കന്നിയങ്കം തന്നെയാണ് ആഗ്രഹിക്കുന്നത്. സംസ്ഥാന നേതൃത്വവും ഇതേ ആവശ്യം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അടക്കമുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വയനാട്ടിൽ മത്സരത്തിനിറങ്ങാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി ഇതുവരെയും അറിയിച്ചിട്ടില്ല. പ്രിയങ്ക മത്സരിക്കാൻ തയാറല്ലെങ്കിൽ മാത്രമേ മറ്റുള്ളവരിലേക്ക് ചർച്ച നീങ്ങുകയുള്ളൂവെന്നാണ് നേതാക്കൾ പറയുന്നത്. വയനാട് പാർലമെന്റ് ഉൾകൊള്ളുന്ന മൂന്ന് ഡി.സി.സി പ്രസിഡന്റുമാരും പ്രിയങ്കക്കു വേണ്ടി സമ്മർദം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംഘം ദേശീയ നേതൃത്വത്തോട് ഈ ആവശ്യമുന്നയിച്ചിരുന്നു. രണ്ടു മണ്ഡലത്തിലും ജയിച്ചാൽ റായ്ബറേലിയായിരിക്കും നില നിർത്തുകയെന്ന് കോൺഗ്രസ് നേതാക്കൾ സൂചന നൽകിയിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
സ്വന്തം കുടുംബമാണെന്ന് രാഹുൽ ആണയിട്ട് പറയുന്ന വയനാടിനെ ഉപേക്ഷിച്ചുവെന്ന പഴി, സഹോദരിയുടെ സ്ഥാനാർഥിത്വത്തോടെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. 3,64,422 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നൽകിയിട്ടും വയനാട് മണ്ഡലത്തെ കൈവിടുന്നുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അതേസമയം, പ്രിയങ്ക ഇല്ലെങ്കിൽ തൃശൂരിൽ തോറ്റ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. എന്നാൽ, അടുത്തെങ്ങും മത്സരത്തില്ലെന്ന നിലപാടാണ് മുരളീധരന്റേത്. രണ്ടുവർഷം കഴിഞ്ഞാൽ എത്തുന്ന നിയമസഭ തെരഞ്ഞെടുപ്പും മുരളീധരൻ മുന്നിൽ കാണുന്നുണ്ട്. കേരളത്തിലെ മറ്റാരെങ്കിലും മത്സരിച്ചാൽ ജയസാധ്യത തന്നെ സംശയിക്കുന്ന നേതാക്കൾ കോൺഗ്രസിനകത്തുണ്ട്.
2014ൽ എം.ഐ. ഷാനവാസ് ജയിച്ചു കയറിയത് കേവലം 20,872 വോട്ടിനായിരുന്നു എന്നതാണ് ഇതിന് തെളിവായി അവർ ഉന്നയിക്കുന്നത്. 2019ൽ രാഹുൽ ഗാന്ധി വന്നതിനാലാണ് ഭൂരിപക്ഷം നാലരലക്ഷത്തിലേക്ക് എത്തിയത്. പോരാട്ട നായിക എന്ന നിലയിൽ ദേശീയ തലത്തിൽതന്നെ അറിയപ്പെടുന്ന ആനി രാജ ഇടതു പക്ഷത്തിന് വേണ്ടി വീണ്ടും ജനവിധി തേടുകയാണെങ്കിൽ അതും ജയസാധ്യതയെ ബാധിക്കാൻ ഇടയുണ്ട്.
രാഹുൽ വയനാടിനെ വഞ്ചിച്ചുവെന്നതാവും ഇടതു പക്ഷത്തിന്റെ പ്രാധാന ആരോപണം. ഇതിനെയെല്ലാം മറികടക്കാൻ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.