വയനാട് ദുരന്തം: നഷ്ടപ്പെട്ട വനസമ്പത്ത് കണക്കെടുപ്പ് അടുത്ത ആഴ്ച

നിലമ്പൂർ: ഒരുനാട് ഇല്ലാതാക്കിയ വയനാട് ഉരുൾപ്പൊട്ടലിൽ നഷ്ടപ്പെട്ട വനസമ്പത്തിന്‍റെ കണക്കെടുപ്പ് വനം വകുപ്പ് അടുത്ത ആഴ്ച തുടങ്ങും. വനഭൂമിയോടൊപ്പം ജീവജാലങ്ങളുടെയും കണക്കെടുപ്പ് നടത്തും. ഒട്ടനവധി ജീവജാലങ്ങളുടെ ജഢം കണ്ടെത്തിയിട്ടുണ്ട്.

ജിയോളജിസ്റ്റ്, കൺസർവേഷൻ ബയോളജിസ്റ്റ്, എക്കോളജി വിഭാഗം ശാസ്ത്രജ്ഞർ ഉൾപ്പെട്ട പ്രത‍്യേക സംഘമാണ് കണക്കെടുപ്പ് നടത്തുക. ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ, റെയ്ഞ്ച് ഓഫീസർ, ഡെപ‍്യൂട്ടി റെയ്ഞ്ച് ഓഫീസർ എന്നിവരും കണക്കെടുപ്പിനുണ്ടാകും. അടുത്ത ആഴ്ച മധ്യത്തോടെ കണക്കെടുപ്പ് ആരംഭിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ.രാമൻ പറഞ്ഞു.

1971 ലെ നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിലമ്പൂർ കോവിലകത്ത് നിന്നും ഏറ്റെടുത്ത വനഭാഗമാണിത്. 2000 ഹെക്ടറിലധികം വരും. ചോലവനങ്ങൾ ഉൾപ്പടെയുള്ള പ്രകൃതിദത്ത വനഭൂമിയാണിത്. സൂചിപ്പാറ വെള്ളച്ചാട്ടം വരെ സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിൽ ഉൾപ്പെടും.

താഴെക്ക് നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ, വഴിക്കടവ് റെയ്ഞ്ചുകളുമാണ്. ഇരുകരകളിലെയും വൃക്ഷങ്ങൾ അപ്പാടെ പിഴുത്തെടുത്താണ് ചാലിയാർ കുലംകുത്തി ഒഴുകിയെത്. മേപ്പാടി റെയ്ഞ്ചിലാണ് കൂടുതൽ വനഭാഗം നഷ്ടമായിട്ടുള്ളത്. ഏകദേശം ആറ് കിലോമീറ്ററിൽ ഏഴു ഹെക്ടർ വനഭൂമിയിൽ നാശം സംഭവിച്ചിട്ടുണ്ടാവുമെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമികവിലയിരുത്തൽ. ലക്ഷക്കണക്കിന് ടൺ മണ്ണുംപാറയും മരങ്ങളും പ്രളയജലത്തോടൊന്നിച്ച് താഴേക്ക് പതിച്ചു.   


ചാലിയാർ പുഴക്ക് വയനാട്ടിൽ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല, ചൂരൽമല, കള്ളാടി, അട്ടമല, കടൂർ പ്രദേശങ്ങളൊക്കെ ഇതിൽപ്പെടുന്നു. ഉരുൾപ്പൊട്ടലിൽ തകർന്ന ചൂരൽമലയിൽ നിന്നും അഞ്ചു കിലോമീറ്റർ ആകാശദൂരത്തിൽ 1145 മീറ്റർ ഉയരത്തിലാണ് മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‍റെ പ്രഭവകേന്ദ്രം. സമുദ്രനിരപ്പിൽ നിന്നും 1983 മീറ്റർ ഉയരം. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടികളായ വെള്ളരിമല (2240 മീ), എളമ്പിലേരിമല (2068 മീ) എന്നിവ ഇടത്തും വലത്തും സ്ഥിതി ചെയ്യുന്നു.

ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെ നീരൊഴുക്കു പ്രദേശങ്ങളാണ്. ഉരുളു പൊട്ടിയ മലയിടുക്കിൽ നിന്നും ഉത്ഭവിക്കുന്ന മുണ്ടക്കൈ തോട് 4.20 കി.മീ താഴോട്ടൊഴുകി. സമാന്തരമായി ഇടതു വശത്തു നിന്നും, 1935 മീറ്റർ ഉയരത്തിലുള്ള മലയിടുക്കിൽ നിന്നും ഉത്ഭവിച്ച് 4.90 കി.മീ ഒഴുകി വരുന്ന തോടിലേക്ക് കൂടിച്ചേർന്ന് പുന്നപ്പുഴയെന്ന പേരിൽ 1.75 കി.മീ ഒഴുകി ചൂരൽമല അങ്ങാടിക്കു താഴെയെത്തുന്നു. 467 ഹെക്ടറാണ് മുണ്ടക്കൈ തോടിന്‍റെ വൃഷ്ടിപ്രദേശം. ഉരുൾപൊട്ടൽ പ്രഭവകേന്ദ്രവും സമീപ സ്ഥലങ്ങളും വൃക്ഷ നിബിഡമായിരുന്നു. ജൈവവൈവിധ്യത്താൽ സമ്പന്നവും ഇടതൂർന്ന വൃക്ഷങ്ങളുമുള്ള മേൽഭാഗം ചോലവനമാണ്. വനഭാഗത്തിനു താഴെ കാപ്പി, ഏലതോട്ടങ്ങളും മറ്റു ചരിവുകളിൽ തേയില തോട്ടങ്ങളുമാണ്.  


താഴെ ഭാഗങ്ങളിൽ, ചരിവു കുറഞ്ഞ സ്ഥലങ്ങളിലും പുഴയുടെയും തോടിന്‍റെയും കരയോടു ചേർന്ന സ്ഥലങ്ങളിലുമാണ് നാട്ടുകാരിലേറേയും താമസിച്ചിരുന്നത്. മഴനിഴൽ പ്രദേശങ്ങളാണിവ. ഉരുളു പൊട്ടിയ മലയിടുക്കിൽ നിന്നും ഉൽഭവിക്കുന്ന മുണ്ടക്കൈ തോട് 4.20 കി.മീ താഴോട്ടൊഴുകി, സമാന്തരമായി ഇടതു വശത്തു നിന്നും, 1935 മീറ്റർ ഉയരത്തിലുള്ള മലയിടുക്കിൽ നിന്നും ഉൽഭവിച്ച് 4.90 കി.മീ ഒഴുകി വരുന്ന തോടിലേക്ക് കൂടിച്ചേർന്ന് പുന്നപ്പുഴയെന്ന പേരിൽ 1.75 കി.മീ ഒഴുകി ചൂരൽമല അങ്ങാടിക്കു താഴെയെത്തുന്നു.ഇവിടെ പുഴക്ക് ഉദ്ദേശം 40 മീറ്റർ വീതിയുണ്ടായിരുന്നു.



ഉരുൾപ്പൊട്ടൽ പ്രഭവസ്ഥാനത്തു നിന്നും ഉത്ഭവിക്കുന്ന, 4.20 കി.മീ നീളമുള്ള മുണ്ടക്കൈ തോട് വളഞ്ഞുപുളഞ്ഞാണ് ഒഴുകിയിരുന്നത്. തോട് ഗതി മാറി ഒഴുകുന്ന സാഹചര്യം കൂടുതലാണ്. ചെറിയ കയങ്ങളും ചെറുവെള്ളച്ചാട്ടങ്ങളും തോടിലുണ്ടായിരുന്നു. ഉരുളൻ പാറ നിറഞ്ഞ തോടിന് പലയിടങ്ങളിലും ആഴം കുറവായതിനാൽ കാലവർഷങ്ങളിൽ പുഴ കവിഞ്ഞ് കരയിൽ കയറുന്നത് സാധരണയാണ്.

25 മുതൽ 80 ശതമാനം വരെയാണ് മുണ്ടക്കൈ തോടിന്‍റെ ചരിവ്. കൂടിയ ചരിവും, തോടിന്‍റെ നീളവും ഒഴുക്കിന്‍റെ വേഗതയും അതുമൂലമുള്ള ആഘാതവും വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉരുൾപ്പൊട്ടലുണ്ടായ ജൂലായ് 29 ന് 200.20 മി.മീറ്ററും 30 ന് 377 മി.മി.മഴയും രേഖപ്പെടുത്തി. തുടർച്ചയായി 48 മണിക്കൂറിൽ 577 മി.മീറ്റർ മഴയാണ് അനുഭവപ്പെട്ടത്. മഴ കുടിച്ച് കുതിർന്ന മല ജലബോംബായി,സംഭരിച്ച ജലത്തെ പുറം തള്ളിയാണ് ദുരന്തം ഉണ്ടായത്.

Tags:    
News Summary - Wayanad disaster: Counting of lost forest resources next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.