വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ കേസ്: റവന്യൂ വകുപ്പിന് വിജയം

വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ കേസ്: റവന്യൂ വകുപ്പിന് വിജയം

കോഴിക്കോട് : വയനാട് ഭൂമി ഏറ്റെടുക്കൽ കേസിൽ ഹൈകോടതി ഡിവിഷൻ ബഞ്ചിൽ റവന്യൂ വകുപ്പിന് വിജയം. വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഹൈകോടതി. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈകോടതിയില്‍ കെട്ടിവെക്കണം.ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈകോടതി അറിയിച്ചു.

നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഈ മാസം 27-ന് നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കാനിരിക്കേയാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. എസ്‌റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുകയായി സര്‍ക്കാര്‍ 26 കോടി രൂപയാണ് നിശ്ചയിച്ചത്. ആ തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെക്കാമെന്ന് ഹൈകോടതിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്.

അതനുസരിച്ച് തുക ഹൈകോടതിയില്‍ കെട്ടിവെച്ചാല്‍, ഉടന്‍തന്നെ ആ ഭൂമി സര്‍ക്കാരിന് ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു. ദുരന്തനിവാരണ നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്‌. റവന്യൂ വകുപ്പ് മുന്നോട്ട വെച്ച എല്ലാ ആവശ്യങ്ങളും കോടതി അംഗീകരിച്ചു.

ഡിവിഷൻ ബഞ്ചിന്റെ നിർദേശ പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരതുക സർക്കാർ നേരിട്ട് എസ്റ്റേറ്റ് ഉടമകൾക്ക് കൊടുക്കേണ്ടതില്ല. എങ്ങനെയാണ് നഷ്ടപരിഹാരം 26 കോടിയെന്ന് കണക്കാക്കിയതെന്ന് സർക്കാർ കോടതി അറിയിക്കണം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസ് സിവിൽ കോടതിയിൽ തുടരുകയാണ്. അതിനാലാണ് ഹൈക്കോടതി ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചത്.

എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസുമാണ് സിംഗിൽ ബഞ്ച് വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. സിംഗിൾ ബെഞ്ചിൽ വിധി നടപ്പാക്കാൻ സർക്കാർ മുന്നോട്ട് പോയപ്പോഴാണ് അത് തടയാനായി അപ്പീൽ നൽകിയത്. ഹാരിസൺസും എൽസ്റ്റനും ഇക്കാര്യത്തിൽ അത്യാഗ്രഹം കാണിച്ചു. എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവർ അപ്പീൽ ഫയൽ ചെയ്തില്ലായിരുന്നുവെങ്കിൽ സർക്കാരിനെ ഇപ്പോൾ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമായിരുന്നു. റവന്യൂ വകുപ്പ് ആഗ്രഹിച്ച വിധിയാണ് ഇപ്പോൾ കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇവരുടെ അത്യാഗ്രഹമാണ് റവന്യൂ വകുപ്പിനെ രക്ഷിച്ചത്.

ഇക്കാര്യത്തിൽ കലക്ടർക്ക് നഷ്ടപരിഹാരതുക കൈമാറാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവിട്ടിരുന്നു. ആ ഉത്തരവും ഇതോടെ അസാധുവായി. തുക പോരെന്ന് ചൂണ്ടിക്കാണിച്ചിട്ടാണ് എസ്റ്റൽസ്റ്റൻ കോടതിയെ സമീപിച്ചത്. 26 കോടി രൂപ നഷ്ടപരിഹാരം ന്ശ്ചയിച്ചതിന്റെ വിശദാംശങ്ങളും കോടതിയെ അറിയിക്കണം. ഹൈകോടതി സിംഗിൽ ബഞ്ച് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്ന വിധിയും ഇതോടെ അസാധുവായി.

ഹാരിസണ്‍ എസ്‌റ്റേറ്റ് തത്കാലത്തേക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സിംഗിൽ ബഞ്ച് വിധിയിൽ സർക്കാരിന്റെ സിവിൽകേസിനെ ഗുരുതരമായി ബാധിക്കുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ സർക്കാർ നിശബ്ദ പാലിച്ചപ്പോഴാണ് തോട്ടം ഉടമകൾ അപ്പീൽ നൽകിയത്. അത് അവർക്ക് തന്നെ കെണിയായി. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Wayanad land acquisition case: Victory for the Revenue Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.