മങ്കട: വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷകനായി വെള്ളാർമല സ്കൂളിൽ അധ്യാപകനായി ജോലിചെയ്യുന്ന കൂട്ടിലങ്ങാടി കൊളപ്പറമ്പ് സ്വദേശി അജ്മൽ കെ. ഫൈസിയും. തിങ്കളാഴ്ച പുലർച്ച രണ്ടോടെയുണ്ടായ ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് ഉണർന്ന അജ്മൽ ഫൈസി ജനൽവഴി പുറത്തേക്ക് നോക്കുമ്പോഴാണ് ബഹളങ്ങൾക്കിടയിൽ പെൺകുട്ടിയെ ചുമലിലേറ്റി കൊണ്ടുപോകുന്നത് കണ്ടത്. പുറത്തിറങ്ങിനോക്കിയപ്പോൾ താമസിക്കുന്ന കെട്ടിടത്തിന് ഏതാനും മീറ്റർ അടുത്ത് റോഡിൽ മണ്ണ് വന്ന് അടിഞ്ഞിരിക്കുന്നു. അയൽവാസികൾ പലരും നിലവിളിക്കുന്നുണ്ട്. മുണ്ടക്കൈയിൽനിന്ന് പലരും ഒലിച്ചുപോയി എന്നും കേട്ടു.
ഉടനെ റോഡിലിറങ്ങി. റോഡിന്റെ ഇടതുവശവും താഴെ സ്കൂളിനോട് ചേർന്ന് വലിയ കാനപോലെയുള്ള ഭാഗത്ത് കല്ലും മരങ്ങളും വന്ന് അടിഞ്ഞു നിൽക്കുന്നത് ഇദ്ദേഹം കണ്ടു. അൽപം മുന്നോട്ടു പോയപ്പോൾ പ്രായമുള്ള സ്ത്രീ അമ്മേ എന്ന് നിലവിളിക്കുന്നത് അജ്മലിന്റെ ശ്രദ്ധയിൽപെട്ടു. അന്നേരം അവിടെ ഓടിയെത്തിയ ഒരാളെയും കൂട്ടി വളരെ പ്രയാസപ്പെട്ട് മരത്തടികൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ രക്ഷപ്പെടുത്തി. ഇതിനിടെ ‘എന്റെ കൂടെ മോളുണ്ട്’ എന്നും ആ സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും രക്ഷാപ്രവർത്തകരായ മറ്റുള്ളവരും എത്തി.
പരമാവധി പേരെ രക്ഷപ്പെടുത്താൻ അജ്മൽ ശ്രമിച്ചു. കൂടാതെ താമസിച്ച റൂമും രക്ഷാപ്രവർത്തനത്തിനായി വിട്ടുനൽകി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെയും ഏതാനും പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന്റെയും ആശ്വാസത്തിലാണ് ഈ അധ്യാപകൻ. ഇപ്പോൾ വയനാട് ദുരന്തനിവാരണ വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കുകയാണ് അജ്മൽ. കഴിഞ്ഞ ജൂൺ മുതലാണ് ഇദ്ദേഹം ഈ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.