മുണ്ടക്കൈ (വയനാട്): അന്ന് പാതിരാവിൽ ജീവനും വാരിപ്പിടിച്ചോടിയവരായിരുന്നു അവർ. മല പിളർന്ന് മരണം ആർത്തലച്ചെത്തിയപ്പോൾ തലനാരിഴക്ക് ജീവിതം മുറുകെ പിടിച്ചവർ. ഉറ്റവരും ഉടയവരുമൊക്കെ മണ്ണിനാഴങ്ങളിൽ മുങ്ങിയ ദുരന്ത രാത്രിയിൽ അവരുടെ കിടപ്പാടങ്ങളും ആയുഷ്കാലത്തെ സമ്പാദ്യവുമൊക്കെ നിമിഷനേരം കൊണ്ടാണ് തവിടുപൊടിയായത്.
അന്ന് ദുരിതാശ്വാസ ക്യാമ്പിന്റെ അകത്തളങ്ങളിൽ അഭയം തേടിയവരിൽ പലരും ഇന്നലെ ദുരന്തഭൂമിയിൽ തിരിച്ചെത്തി. ജീവിതം കെട്ടിപ്പടുത്ത പരിസരങ്ങളിൽ ഇനിയെന്തൊക്കെ ബാക്കിയുണ്ടെന്നറിയാൻ. സൂക്ഷിച്ചു വെച്ച സമ്പാദ്യങ്ങളും വിലപ്പെട്ട രേഖകളും തരിമ്പെങ്കിലും അവിടെ ശേഷിപ്പുണ്ടോ എന്നു നോക്കാൻ. എന്നാൽ, എല്ലാവരെയും കാത്തിരുന്നത് നെഞ്ചുതകർക്കുന്ന കണ്ണീർകാഴ്ചകൾ.
എസ്റ്റേറ്റിൽ ജോലി ചെയ്താണ് മൻസൂർ ഒരു ചെറിയ വീടുണ്ടാക്കിയത്. എസ്റ്റേറ്റ് ജീവനക്കാരായ ഉപ്പയുടെയും ഉമ്മയുടെയും തുച്ഛ വരുമാനവും അതിനോടു ചേർന്നു. ഗ്രാമ പഞ്ചായത്തിൽനിന്ന് രണ്ടുലക്ഷം രൂപയും കിട്ടിയതോടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. ചെറു സൗകര്യങ്ങൾ പതിയെ കൂട്ടിച്ചേർത്ത് സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് എല്ലാം തകർത്ത് ഉരുൾപൊട്ടിയത്. ദുരന്ത രാവിൽ മുകളിലെ വീട്ടിലേക്ക് കയറി രക്ഷപ്പെട്ട മൻസൂർ ഇന്നലെ ക്യാമ്പിൽ നിന്ന് വന്നത് വീടിന്റെ അവസ്ഥ അറിയാനായിരുന്നു. എന്നാൽ, മുൻഭാഗം മരങ്ങളും കല്ലുകളുമൊക്കെ ഇരച്ചെത്തി തകർന്നുപോയിരുന്നു. വീടിനുള്ളിൽ ഇനിയൊന്നും ബാക്കിയില്ല. ബൈക്ക് എങ്ങോ ഒഴുകിപ്പോയിരിക്കുന്നു.
ചൂരൽമല വില്ലേജ് റോഡിലെ പുഴയോടു ചേർന്ന വീട്ടിൽനിന്ന് ബീരാൻ കുട്ടിക്ക ചെറുമകനോടൊപ്പം അന്ന് രാത്രി 7.45നാണ് ബന്ധുവീട്ടിലേക്ക് പോയത്. ഇന്നലെ ക്യാമ്പിൽ നിന്ന് തിരിച്ചുവന്നപ്പോൾ വീട് ചളിയിലേക്ക് താഴ്ന്നു പോയിരിക്കുന്നു. പുഞ്ചിരിമട്ടത്തെ കുറെ വീട്ടുകാർ ഇന്നലെ ക്യാമ്പിൽ നിന്നെത്തിയിരുന്നു. കുന്നിനോടു ചേർന്ന ചില വീടുകൾ ഒഴിച്ചു നിർത്തിയാൽ ബാക്കി മുഴുവൻ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. തങ്ങളുടെ പ്രിയ വാഹനങ്ങളെല്ലാം തകർന്നും മണ്ണിലാഴ്ന്നും ഒഴുകിയും പോയിരിക്കുന്നു. ഒരാളുടെ പുത്തൻ കാർ കണ്ടത് കിലോമീറ്ററോളം താഴെ തകർന്ന് തരിപ്പണമായ നിലയിൽ.
പുഞ്ചിരിമട്ടത്തെ ദമ്പതികളായ സുബൈറും സുബൈദയും ഇന്നലെ, മണ്ണടിഞ്ഞുപോയ മുണ്ടക്കൈ അങ്ങാടിയുടെ പരിസരങ്ങളിൽ തന്നെയുണ്ടായിരുന്നു. ക്യാമ്പിൽ നിന്നെത്തിയ അവർ ഒരു ദിവസം മുഴുവൻ കാത്തിരുന്നത് സുബൈറിന്റെ മണ്ണിനടിയിലായ ബന്ധുക്കളുടെ മൃതദേഹം കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.
ഒന്നും രണ്ടുമല്ല, 12 ഉറ്റവരാണ് ആ കുടുംബത്തിന് നഷ്ടമായത്. പള്ളിക്കു മുന്നിലെ കടമുറിയിൽ കഴിഞ്ഞിരുന്ന ജ്യേഷ്ഠന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ അങ്ങാടിയെ വിഴുങ്ങിയ മണ്ണിനടിയിലുണ്ടാകുമെന്ന് തിരച്ചിൽ നടത്തുന്നവരോട് അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. മുണ്ടക്കൈയിലെ പലരും പക്ഷേ, ക്യാമ്പിൽനിന്ന് എത്തിയതേയില്ല. അവിടെ മരണ മുനമ്പിൽനിന്ന് രക്ഷപ്പെട്ട വിരലിലെണ്ണാവുന്നവർക്കറിയാം, വീടല്ല, അവരുടെ നാടുതന്നെ ഇല്ലാതായിരിക്കുന്നുവെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.