ചൂരൽമല: എല്ലാം തകർന്ന ദുരന്തഭൂമിയിൽ സ്വർണത്തിളക്കമുള്ളൊരു സന്തോഷം. ആഹ്ലാദ നിമിഷങ്ങൾക്ക് അലങ്കാരമെന്നോണം സിനിയെ അതിശയിപ്പിച്ചത് ആ വാച്ചായിരുന്നു. ഒരു ചളിക്കട്ടയായി കിടന്ന ആഭരണപ്പെട്ടി തുറന്ന് തന്റെ പ്രിയ വാച്ച് പുറത്തെടുത്ത സിനിക്ക് അമ്പരപ്പേകി അതിന്റെ സമയസൂചികൾ കറങ്ങിക്കൊണ്ടേയിരുന്നു.
മലവെള്ളപ്പാച്ചിലിലും ഒരാഴ്ചയിലേറെ അതുനിറച്ച ചളിക്കൂമ്പാരത്തിലും മുങ്ങിയിട്ടും ‘ജീവൻ’ നഷ്ടമാകാതെ അദ്ഭുതകരമായൊരു അതിജീവനം. വീടിന്റെ താഴത്തെനില മുഴുവൻ നിറഞ്ഞ കല്ലും മണ്ണും ചളിയുമൊക്കെ നീക്കി ഏഴുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ വീണ്ടെടുത്ത സന്തോഷത്തോടൊപ്പമായിരുന്നു ആ വാച്ചിൽ കൃത്യം മൂന്നുമണിയിലെത്തി സൂചി കറങ്ങിക്കൊണ്ടിരുന്നത്.
ചൂരൽമല അങ്ങാടിയിലാണ് പി.വി. ജോസും ഭാര്യ സിനിയും താമസിക്കുന്നത്. വലിയ ഇരുനില വീട്ടിൽ അവർ രണ്ടുപേരും മാത്രം. ചാർട്ടേഡ് അക്കൗണ്ടന്റായ മകൾ ബെലിൻഡയും ഭർത്താവും ബംഗളൂരുവിലാണ്. മകൻ ബെന്നറ്റ് കുടുംബത്തോടൊപ്പം യു.കെയിലും. വീട്ടിൽ വെള്ളം ഇരച്ചുകയറുമ്പോഴാണ് മലപിളർന്ന് മഹാദുരന്തമെത്തിയ വിവരം ജോസും സിനിയും അറിയുന്നത്. താഴത്തെ മുറിയിൽ കിടന്നുറങ്ങാൻ പോവുന്നതിന് മുമ്പാണ് സ്വർണാഭരണങ്ങളും വാച്ചും അഴിച്ച് പെട്ടിയിലാക്കി ടീപ്പോക്ക് മുകളിൽ വെച്ചത്. ഉരുൾപൊട്ടി മരണം കൺമുന്നിലെത്തിപ്പോൾ പിന്നെ ശ്രമകരമായി രക്ഷപ്പെടുകയായിരുന്നു. ജൂലൈ 29നായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. അതുകഴിഞ്ഞ് മണിക്കൂറുകൾക്കകമായിരുന്നു ഉരുൾപൊട്ടിയത്.
ബന്ധുവീട്ടിൽ കഴിഞ്ഞശേഷം തിങ്കളാഴ്ച രാവിലെയാണ് ഇരുവരും തകർന്ന വീട്ടിൽ തിരച്ചെത്തിയത്. ടീപ്പോക്ക് മുകളിൽ വെച്ച സ്വർണത്തിന് പുറമെ അലമാരിയിലായിരുന്നു ബാക്കി സ്വർണമുണ്ടായിരുന്നത്. രാവിലെ എട്ടുമണി മുതൽ കാസർകോട് എസ്.വൈ.എസ് സാന്ത്വനം സംഘത്തോടൊപ്പം സിനിയും തിരച്ചിലിന് ചേർന്നു. താഴെനില നിറഞ്ഞ ചളി മുഴുവൻ മൺവെട്ടികൊണ്ട് നീക്കി സൂക്ഷ്മമായി പരിശോധിച്ചതിനൊടുവിൽ വൈകീട്ട് മൂന്നു മണിയോടെയാണ് മുറിയിലെ ആഭരണപ്പെട്ടി കിട്ടിയത്.
ഒപ്പം ആ വാച്ചും. സന്തോഷത്തിൽ ചളിയോടു കൂടിത്തന്നെ അവ എടുത്തണിയുകയായിരുന്നു അവർ. പിന്നീട് രണ്ടുമണിക്കൂർ കൂടി ശ്രമം തുടർന്നശേഷമാണ് മുറിയിലെ അലമാര പുറത്തെടുത്തത്. അലമാരയിലെ സ്വർണവും ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. അലമാര മുഴുവൻ ചളിയിൽ മൂടിയനിലയിലായിരുന്നു. അതിനുള്ളിൽ പക്ഷേ, ചളി കയറിയിരുന്നില്ല. അലമാരയിലെ വിലപ്പെട്ട രേഖകളും ഭദ്രമായിരുന്നു. പക്ഷേ, തങ്ങളുടെ ഓമനകളായ രണ്ടു വളർത്തുനായ്ക്കളിലൊന്നിന്റെ ജീവൻ ഉരുളെടുത്തത് ഇവർക്ക് സങ്കടമായി. ജോസിന്റെ സ്കൂട്ടറും അകലേക്കെങ്ങോ ഒഴുകിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.