ഉരുൾദുരന്തം: ടൗൺഷിപ്പിന് സ്ഥലം കണ്ടെത്തി

കൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ് പദ്ധതിക്ക് വയനാട്ടിൽ സ്ഥലം കണ്ടെത്തി. നാലുസ്ഥലങ്ങളാണ് ചുരുക്കപട്ടികയിലുള്ളതെന്നും സ്ഥലത്തിന്റെ സാ​ങ്കേതിക പരിശോധന നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. സ്ഥിരം പുനരധിവാസം സംബന്ധിച്ച് ദുരന്തബാധിതരുമായി നടത്തിയ പുനരധിവാസ സമാലോചന യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

സ്ഥിരം പുനരധിവാസമെന്നതാണ് പരമപ്രധാനം. ദുരിതബാധിതരെ കേൾക്കുകയാണിപ്പോൾ ചെയ്യുന്നത്. ടൗൺഷിപ്പിനുള്ള സ്ഥലം എവിടെയാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല. സർക്കാർ ഭൂമിതന്നെയാവണമെന്നില്ല. അനുയോജ്യമായ സർക്കാർ ഭൂമി കിട്ടണമെന്നില്ല. സർക്കാർ ഭൂമിയിലേക്ക് അതിജീവിതരെ കൊണ്ടുപോകണമെന്ന് ശാഠ്യം പിടിക്കാനുമാകില്ല.

അതിജീവിതരുടെ താൽപര്യം പരിഗണിച്ച് മാത്രമാണ് തീരുമാനമുണ്ടാകുക. സർക്കാറിന്റെ കാര്യങ്ങൾ അതിജീവിതരോടും അവരുടെ കാര്യങ്ങൾ സർക്കാറിനോടും പറയാം. ദുരന്തമേഖലയായ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ഇനി താമസം സാധ്യമല്ല. സംസ്ഥാന സർക്കാർ നിയോഗിച്ച ജോൺ മത്തായി സമിതി സുരക്ഷിതസ്ഥലങ്ങൾ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഭൂമിശാസ്ത്രപരമായും ജലശാസ്ത്രപരമായും പ്രശ്നങ്ങളുണ്ടെന്ന് തെളിഞ്ഞ സ്ഥലത്തേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനാകില്ല. വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ച് അവരെ സർക്കാറിന്റെ ടൗൺഷിപ് പദ്ധതിയിലേക്ക് മാറ്റുകയാണ് ചെയ്യുക. എന്നാൽ, സർക്കാർ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യി​െല്ലന്നും അദ്ദേഹം പറഞ്ഞു.

 മേപ്പാടിയിൽതന്നെ ടൗൺഷിപ് വേണമെന്ന് അതിജീവിതർ

ഉരുൾദുരന്തത്തിലെ സ്ഥിരം പുനരധിവാസ ടൗൺഷിപ് പദ്ധതി മേപ്പാടി പരിസരത്തുതന്നെ ​വേണമെന്ന് അതിജീവിതരുടെ പ്രധാന ആവശ്യം. ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ നടന്ന പുനരധിവാസ സമാലോചന യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. 350ഓളം അതിജീവിതരാണ് യോഗത്തിൽ നേരിട്ടെത്തിയത്. ക്യാമ്പുകളിലുള്ളവർ ഓൺലൈനായും പ​ങ്കെടുത്തു. പുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും യോഗത്തിലുണ്ടായിരുന്നു.

നഷ്ടപ്പെട്ടവയിലെ അതേ സൗകര്യങ്ങളുള്ള വീടുകൾ വേണം, ബാങ്ക് വായ്പകൾ എഴുതിത്തള്ളണം, കൃഷിഭൂമിയുടെ നഷ്ടംകൂടി കണക്കാക്കണം, വെള്ളാർമല ഹയർസെക്കൻഡറി സ്കൂൾ ചൂരൽമലയിൽതന്നെ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ദുരന്തബാധിതർ പൊതുവായി ഉന്നയിച്ചത്.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.