തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഒന്നും ചെയ്യാതെ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് റിപ്പോർട്ടിൽ (പി.ഡി.എൻ.എ) കടിച്ചുതൂങ്ങി കേന്ദ്രം. ആഗസ്റ്റ് 17ന് തന്നെ വിശദകണക്കുകളടങ്ങിയ മെമ്മോറാണ്ടം കേരളം സമർപ്പിച്ചിരുന്നു. ദുരന്തം വരുത്തിയ നാശവും നഷ്ടവും തിട്ടപ്പെടുത്തി, വീണ്ടെടുപ്പിനും പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമുള്ള എസ്റ്റിമേറ്റും അടങ്ങുന്നതാണ് പി.ഡി.എൻ.എ റിപ്പോർട്ട്. കേന്ദ്രം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിന്നാലെ നവംബറിലാണ് ഈ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയതെന്നാണ് റവന്യൂ മന്ത്രി രാജൻ വ്യക്തമാക്കുന്നത്. 20,200 കോടി രൂപയാണ് പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്മെന്റിൽ കേരളം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് കേരളം വൈകിപ്പിച്ചുവെന്ന നിലയിൽ ഇപ്പോൾ സഹായ നിഷേധത്തിന് കേന്ദ്രം പിടിവള്ളിയാക്കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പണം അനുവദിച്ചുവെന്ന കേന്ദ്ര വിശദീകരണവും വസ്തുതപരമല്ല. ധനകമീഷൻ ശിപാർശ പ്രകാരമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രം വിഹിതം അനുവദിക്കുന്നത്. 2021-26 വര്‍ഷത്തേക്കുള്ള കേരളത്തിന്റെ എസ്.ഡി.ആർ.എഫ് വിഹിതം 1,852 കോടി രൂപയാണ്. ഈ കാലയളവില്‍ ആന്ധ്രപ്രദേശിന് 6,591 കോടി രൂപയും ഗുജറാത്തിന് 7,802 കോടി രൂപയും യു.പിക്ക് 11,369 കോടി രൂപയുമാണ് കേന്ദ്രം നൽകിയത്. ഇതുപോലെ കേന്ദ്ര സർക്കാറിന്റെ സാധാരണ വിഹിതമായാണ് 145.6 കോടി ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത്. ഇതാകട്ടെ എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം സാധാരണ ദുരന്തങ്ങൾക്കുള്ളതാണ്. അല്ലാതെ വയനാട് പരിഗണിച്ചുള്ളതല്ല.
അസാധാരണമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാറിന്റെ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അധിക സഹായം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കാറുണ്ട്. വയനാടിന്റെ കാര്യത്തിൽ ഇതിൽ കേരളം പ്രതീക്ഷയർപ്പിക്കുമ്പോഴാണ് കണക്കിന്റെയും റിപ്പോർട്ടിന്റെയും പേരിലെ തൊടുന്യായങ്ങൾ. എല്ലാ വെള്ളിയാഴ്ചയും ഹൈകോടതിയിൽ കേസ് പരിഗണിക്കുന്നുണ്ട്. അതിൽ ഒരുഘട്ടത്തിലും കേരളം മെമ്മോറാണ്ടം സമർപ്പിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞിട്ടില്ല. കെ.വി. തോമസിന് കേന്ദ്ര സഹമന്ത്രി നൽകിയ കത്തിലും മെമ്മോറാണ്ടം വൈകിയെന്ന് പറഞ്ഞിരുന്നില്ല.
ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങൾ, പക്ഷേ...
കേരളം ദുരന്തഘട്ടത്തിൽ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. ദുരന്തനിവാരണ ആക്ട് സെക്ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നതാണ് ഒന്നാമത്തേത്. ഇതിന് കേന്ദ്ര സർക്കാറിന് ഒരു രൂപയും ചെലവില്ല. നാലുമാസം കഴിഞ്ഞിട്ടും കടം എഴുതിത്തള്ളിയിട്ടില്ല. വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നതാണ് രണ്ടാമത്തേത്. ഇൻറർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം ആണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടത്. അവർ ഓഗസ്റ്റ് 11ന് തന്നെ കേരളത്തിലെ സന്ദർശനം കഴിഞ്ഞുപോയതാണ്. സന്ദർശനം കഴിഞ്ഞിട്ട് നാലുമാസമായി. വയനാട്ടിലെ ദുരന്തം ഏത് വിഭാഗത്തിൽപെടുന്നു എന്നത് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അധിക സാമ്പത്തിക സഹായമാണ് മൂന്നാമത്തെ ആവശ്യം. അതിലും പ്രതികരണമുണ്ടായിട്ടില്ല.
അധികസഹായത്തിനുള്ള അപേക്ഷ പരിഗണനയിലെന്ന് കേന്ദ്രം ഹൈകോടതിയിൽ
കൊച്ചി: വയനാട് ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2219.033 കോടി രൂപയുടെ അധികസഹായം തേടി സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത് നവംബർ 13നാണെന്നും ഈ അപേക്ഷ പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ ഹൈകോടതിയിൽ. ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ആശിഷ് വി. ഗവാക്കു വേണ്ടി സീനിയർ പാനൽ കോൺസൽ ടി.സി. കൃഷ്ണയാണ് വിശദീകരണം ഫയൽ ചെയ്തത്.
പുനരധിവാസത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്. സാധാരണ ദുരന്തങ്ങളിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നാണ് തുക ചെലവഴിക്കേണ്ടത്. വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്ന് തുക അനുവദിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ല. 2024-25 വർഷം എസ്.ഡി.ആർ.എഫിലേക്ക് 380 കോടി രൂപ അനുവദിച്ചു. ഇതിൽ 291.20 കോടിയും കേന്ദ്രമാണ് അനുവദിച്ചത്.
വയനാട് ദുരന്തം ഉണ്ടായതിനെത്തുടർന്ന് ഈ തുക പൂർണമായും ഒക്ടോബറിൽതന്നെ കൈമാറി. മുൻ ബാക്കിയടക്കം എസ്.ഡി.ആർ.എഫിൽ 782.99 കോടിയുണ്ട്. അടിയന്തര സഹായമായി 214.68 കോടി ആവശ്യപ്പെട്ട് സംസ്ഥാനം നിവേദനം നൽകിയത് ആഗസ്റ്റ് 19നാണ്. എൻ.ഡി.ആർ.എഫിൽനിന്ന് നവംബർ 16ന് 153.46 കോടി അനുവദിച്ചു. എസ്.ഡി.ആർ.എഫിലുള്ള തുകയുടെ 50 ശതമാനം വിനിയോഗിച്ചാൽ ഈ തുക വിനിയോഗിക്കാമെന്ന വ്യവസ്ഥയോടെയാണിത്. വയനാട് ദുരന്തത്തിനിരയായവർക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 3.28 കോടി അനുവദിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.