കാണാൻ വയ്യ ഈ കാഴ്ച, മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിപ്പരന്ന് ചാലിയാർ...

നിലമ്പൂർ: കവളപ്പാറയുടെ ഓർമ മായുംമുമ്പേ പോത്തുകല്ല് വീണ്ടും ദുരന്തഭൂമിയായി. ഇത്തവണ കിലോമീറ്ററുകൾ അകലെ ചാലിയാറിന്‍റെ ഉത്ഭവത്തിൽ വയനാട് മുണ്ടക്കൈയിലാണ് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായതെങ്കിലും ദുരന്തത്തി​ന്റ ചങ്കുതകർക്കുന്ന ദൃശ്യങ്ങൾക്കാണ് പോത്തുകല്ലും പരിസരപ്രദേശങ്ങളും ദൃകളസാക്ഷികളായത്. പ്രകൃതിയുടെ താണ്ഡവത്തിൽ രൗദ്രഭാവവുമായി എത്തിയ ചാലിയാർ ഒന്നും രണ്ടുമല്ല 25 മൃതശരീരങ്ങളാണ് പോത്തുകല്ലിന്‍റെ കടവുകളിൽ ഉപേക്ഷിച്ചത്.

മുണ്ടക്കൈയി​ൽ ദുരന്തത്തിൽ അകപ്പെട്ട മനുഷ‍്യരുടെ ചിന്നഭിന്നമായ മൃതശരീരങ്ങളുമായി രൗദ്രഭാവത്തിൽ നിറഞ്ഞൊഴുകിയ ചാലിയാർ ഒരു കാരുണ‍്യവുമില്ലാതെ മൃതദേഹങ്ങളും മനുഷ്യശരീര ഭാഗങ്ങളും ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപാലം കടവുകളിൽ അങ്ങിങ്ങായി കൊണ്ടുവന്നു. ഉറ്റവരുടെ അലറികരച്ചിലുകൾ ഉണ്ടായിരുന്നില്ലെങ്കിലും കരൾ പിളർക്കുന്നതായിരുന്നു കാഴ്ചകൾ.


രാവിലെ ഏഴരയോടെ പിഞ്ചോമനയുടെ മൃതദേഹമാണ് കുനിപ്പാല കടവിൽ നിന്നും ആദ‍്യം കിട്ടിയത്. കുത്തൊഴുക്കിൽ അടിഞ്ഞ മരകമ്പുകൾക്കിടയിൽ മൃതശരീരം തങ്ങി നിൽക്കുകയായിരുന്നു. ചാലിയാറിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്ന നടുക്കുന്ന വാർത്ത പരന്നതോടെ രക്ഷപ്രവർത്തകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും പോത്തുകല്ലിലേക്ക് പാഞ്ഞെത്തി. പിന്നീടുള്ള തിരച്ചണ്‍ലിലാണ് കൂടുതൽ മൃതശരീരങ്ങൾ ഒറ്റക്കും കൂട്ടമായും മറ്റു കടവുകളിൽ നിന്നും ലഭിച്ചത്.

ഇന്ന് വൈകീട്ട് മൂന്ന് മണിയായപ്പോഴേക്കും സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം 25 മൃതദേഹങ്ങളാണ് ചാലിയാറിൽനിന്നും കണ്ടെടുത്തത്. ഇതിൽ 16 പേരെ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് പേരുടെ മൃതദേഹം വാണിയമ്പുഴ, ഇരുട്ടുകുത്തി നഗറുകൾക്ക് സമീപം ഇൻക്വസ്റ്റ് നടപടിയിലാണ്. എട്ടോളം ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.


പശ്ചിമഘട്ടത്തിലെ നീലഗിരി ഇളമ്പലേരി മലനിരകളിലെ 900 മീറ്ററോളം ഉയരത്തിൽ നിന്നാണ് ചാലിയാറിന്‍റെ ഉത്ഭവം. കൈവരികളിൽ ഭൂരിഭാഗവും ഉത്ഭവിക്കുന്നത് കിഴക്ക് നീലഗിരി കുന്നുകളിലും വടക്ക് വയനാട് മലനിരകളിലുമാണ്. നിരവധി റാപ്പിഡുകളും വെള്ളച്ചാട്ടങ്ങളുമുണ്ട്. ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ അപ്പാടെ തുടച്ച്നീക്കിയാണ് ചുളിക്കപുഴയിലൂടെ മലവെള്ളപാച്ചിലുണ്ടായത്. സൂചിപ്പാറ വെള്ളച്ചാട്ടവും താണ്ടി കബ്ലപാറ വരെ കല്ലും പാറകളും നിറഞ്ഞ 30 മുതൽ 50 വരെ ഡിഗ്രി ചരിവുള്ള വനാന്തർഭാഗങ്ങളിലൂടെയാണ് കുത്തിച്ചെത്തുന്നത്. കിഴക്ക് ഒഴുകിയാണ് കബ്ലപാറയിലെത്തുന്നത്. വാണിയപുഴയായി ഇവിടെ നിന്നും തെക്കോട്ട് ഒഴുകി പോത്തുകല്ല് ഇരുട്ടുകുത്തിയിൽ എത്തും. ഒന്നര മണിക്കൂറിനുള്ളിൽ മുണ്ടക്കൈയിൽ നിന്നും മുണ്ടേരിയിലെത്തും. പോത്തുകല്ലിൽ എത്തുമ്പോൾ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞ് പരന്നൊഴുകുന്നു. ഒഴുക്ക് കുറഞ്ഞതുകൊണ്ടാവാം ജീവനറ്റ ദേഹങ്ങൾ പോത്തുകല്ലിലെ കടവുകളിൽ അടിഞ്ഞതെന്നുവേണം കരുതാൻ.


2019 ആഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. മുത്തപ്പന്‍കുന്ന് അപ്പാടെ ഒരു ഗ്രാമത്തിന് മുകളിലേക്ക് അമരുകയായിരുന്നു. താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. 59 ജീവനുകൾ പൊലിഞ്ഞു. 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പതിനൊന്ന് പേരെ വിട്ടുകൊടുക്കാതെ മുത്തപ്പന്‍കുന്ന് തന്‍റെ മണ്ണാഴങ്ങളിൽ പൊതിഞ്ഞു. നടുക്കുന്ന ഓർമകളിൽ നിന്നും മോചിതരാവുന്നതിന് മുമ്പാണ് ഒരു ദുരന്തത്തിന് കൂടി മലയോരം സാക്ഷിയായത്. 

Tags:    
News Summary - wayanad landslide: dead bodies found in chaliyar river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.