ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലെ മുസ് ലിം പള്ളി

ഉരുൾപൊട്ടലിൽ മരണം 177 ആയി; തിരച്ചിൽ ഊർജിതം, ബെയ്‍ലി പാല നിർമാണം നാളെ പൂർത്തിയാകും

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 177 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

പരിക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരിൽ 133 പേർ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.

മലപ്പുറം ജില്ലയിലെ പോത്തുക്കല്ല്, മുണ്ടേരി ഭാഗങ്ങളിലെ ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ അഞ്ച് മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും എൻ.ഡി.ആർ.എഫും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടെത്തി. ചാലിയാറിന്‍റെ പനങ്കയം കടവിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളാണ്.

നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്നത്. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. മണ്ണിനാൽ മൂടപ്പെട്ട വീടിന്‍റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് ആളുകൾക്കായുള്ള തിരച്ചിൽ. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.

അതിനിടെ, ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻറ് കമാൻഡൻറ് ആഷിർവാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

Tags:    
News Summary - Wayanad Landslide: death toll rises to 177; The search is in full swing and the construction of the Bailey bridge will be completed tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.