കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കാൻ കഴിഞ്ഞത് സങ്കീർണമായ നടപടികൾക്കൊടുവിൽ. പട്ടികക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ കാണാതായവരുടെ കുടുംബങ്ങൾക്കും മരിച്ചവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്. വിവിധയിടങ്ങഴിൽ നിന്ന് ലഭിച്ച നിരവധി മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എന്നിവ പരിശോധിച്ചിട്ടും ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ വിവരങ്ങൾ അടങ്ങിയ പട്ടികയാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 ശരീരഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം 19 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ഇതും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത മൂന്നു മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 എണ്ണത്തിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കണ്ണൂർ റീജനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡി.എൻ.എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 എണ്ണം ഇവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
കണ്ണൂർ ഫോറൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 എണ്ണം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു.
അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിയാൻ കഴിഞ്ഞു. 99 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ ഉൾപ്പെട്ട എന്നാൽ മൃതദേഹങ്ങൾ ഇതുവരെ കിട്ടാത്ത ബാക്കിയുള്ള 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. ജൂലൈ 30 നുണ്ടായ ഉരുൾ ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.