മേപ്പാടി: ഉരുൾദുരന്തം വൻനാശം വിതച്ച വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ജീവന്റെ തുടിപ്പ് ബാക്കിയുണ്ടോ എന്നും മൃതദേഹങ്ങൾ കണ്ടെടുക്കാനുണ്ടോ എന്നും അറിയാൻ തിരച്ചിൽ ഊർജിതമാക്കുന്നു. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ ഇന്നെത്തും. നിലവിൽ ആറ് നായ്ക്കളാണ് തിരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് നാലു കഡാവർ നായ്ക്കക്കൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനിടെ, മരണസംഖ്യ 340 ആയി. ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്.
ദുരന്തമേഖലയിൽനിന്ന് താഴ്വാരത്തിലേക്ക് ഒഴുകി ചാലിയാറിലേക്കെത്തിയ മൃതശരീരങ്ങൾക്കായുള്ള തിരച്ചിലും ഊർജിതമാക്കി. തണ്ടർബോൾട്ട് സേനയും വനപാലകരും ചേർന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന ഒമ്പത് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ഇതിന് സമാന്തരമായി പൊലീസ് ഹെലികോപ്ടർ ഉപയോഗിച്ചും നിരീക്ഷണം നടത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളിലായിരുന്നു കോപ്റ്റർ ഉപയോഗിച്ചുള്ള പരിശോധന. കൂടാതെ, കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
അപകടത്തിന്റെ നാലാം നാൾ കുടുതൽ വിപുലവും വ്യവസ്ഥാപിതവുമായ തിരച്ചിൽ നടത്തി സൈന്യം. ദുരന്തമേഖല ആറ് സോണുകളായി തിരിച്ചാണ് 40 സംഘങ്ങൾ തിരച്ചിൽ നടത്തിയത്. കഴിഞ്ഞദിവസം വരെയും എത്തിപ്പെടാൻ കഴിയാതിരുന്ന അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന പുഞ്ചിരിമട്ടം മൂന്നാം സോണുമാണ്. വെള്ളാർമല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല എന്നിവയാണ് യഥാക്രമം നാലും അഞ്ചും സോണുകൾ. പുഴയുടെ അടിവാരമാണ് അവസാന സോൺ.
സേനക്കുപുറമെ, ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡോഗ് സ്ക്വാഡ്, കോസ്റ്റ് ഗാർഡ്, നേവി, കഴിഞ്ഞദിവസം മേഖലയിൽ ബെയ്ലി പാലം യാഥാർഥ്യമാക്കിയ എം.ഇ.ജി എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.
ഓരോ സംഘത്തിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനുമുണ്ടായിരുന്നു. തീർത്തും വ്യവസ്ഥാപിതമായ ഈ തിരച്ചിൽ ഫലപ്രദമായി എന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അടുത്ത ദിവസങ്ങളിലൂം സമാനമായ രീതി പിന്തുടരുമെന്നാണ് വിവരം.
പൊലീസിന്റെ രണ്ട് ഡോഗ് സ്ക്വാഡുകൾ മുണ്ടേരി ഫാം കേന്ദ്രീകരിച്ച് ചാലിയാറിന്റെ ഓരങ്ങൾ പരിശോധിച്ചു. ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും വെള്ളിയാഴ്ച പരിശോധന തുടർന്നു. ചാലിയാറിന്റെ തീരത്തുള്ള പ്രധാന പൊലീസ് സ്റ്റേഷൻ പരിധികളിലെല്ലാം ഇന്നും പരിശോധന നടത്തും.
മുണ്ടേരിയിൽ കോപ്ടറിന് പുറമെ ഡ്രോണുകളും ഉപയോഗിക്കും. മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കാനായി സൈന്യം പണിത ബെയ്ലി പാലം യാഥാർഥ്യമായത് തിരച്ചിലിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വേഗം വർധിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ വയനാട്ടിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. കല്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലാണ് സംസ്കാരത്തിന് സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.