മുണ്ടക്കൈ (വയനാട്): ചൂരൽമലയിലെ മുള്ളത്ത്തെരുവ് അനീഷിന്റെയും സയനയുടെയും മൂന്നുമക്കളായ നിവേദും ധ്യാനും ഇഷാനും ക്രിസ്മസ് നാളുകൾ കൊതിയോടെ കാത്തിരുന്നവരായിരുന്നു. ‘ക്രിസ്മസിന് നമുക്ക് വീട്ടിൽ നിറയെ നക്ഷത്രങ്ങളൊരുക്കണ’മെന്നായിരുന്നു കഴിഞ്ഞ വർഷം ധ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതുപ്രകാരം വീട്ടിൽ നക്ഷത്രങ്ങളടക്കം ഒരുക്കിയെങ്കിലും കത്തിനശിച്ചു.
ഇതുകണ്ട് സങ്കടപ്പെട്ട ധ്യാനിന്, അടുത്ത കൊല്ലം പുൽക്കൂടടക്കം തയാറാക്കാമെന്ന അനീഷിന്റെ വാക്കുകൾ ഏറെ ആശ്വാസമായി. എന്നാൽ ആ കുഞ്ഞുങ്ങൾ അതിന് കാത്തുനിന്നില്ല, മാതാപിതാക്കളെ ഭൂമിയിൽ തനിച്ചാക്കി ആ മൂന്നു കുരുന്നുകളും മരണം പുൽകി.
പുത്തുമലയിലെ ഇവരുടെ കുഴിമാടത്തിൽ അനീഷും സയനയുമെത്തി കഴിഞ്ഞ ദിവസം കുഞ്ഞുപുൽക്കൂടും നക്ഷത്രങ്ങളും ഒരുക്കി, കൂടെ അവരുടെ ചോക്ലറ്റുകളും...
ലോകം ബുധനാഴ്ച ക്രിസ്മസ് ആഘോഷിക്കുമ്പോൾ എന്നേ നക്ഷത്രങ്ങൾ മാഞ്ഞുപോയതിന്റെ തീരാ ഗദ്ഗദമാണ് ഈ മനുഷ്യർക്ക്. കഴിഞ്ഞ ജൂലൈ 30ന് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും സ്വപ്നങ്ങളിലേക്ക് ഉരുൾപൊട്ടിയൊലിച്ചപ്പോൾ മാഞ്ഞുപോയത് ഈ കുടുംബങ്ങളുടെ നക്ഷത്രത്തിളക്കങ്ങളായിരുന്നു.
പോയ വർഷം ക്രിസ്മസ് ആഘോഷിച്ച 12 പേരാണ് ദുരന്തത്തിൽ മരിച്ചത്. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ലൂതറൻ മിഷൻ ചർച്ച്, മുണ്ടക്കൈ സി.എസ്.ഐ ചർച്ച്, നീലിക്കാപ്പ് പെന്തക്കോസ്ത് ചർച്ച്, ഓർത്തഡോക്സ് ചർച്ച് എന്നീ ദോവാലയങ്ങൾക്കുകീഴിലെ വിശ്വാസികളായിരുന്നു ഇവർ.
മുണ്ടക്കൈയിലെ ചിറ്റിലപള്ളി ജോണിയെയും അഭിനവ്, അനുഗ്രഹ് എന്നീ രണ്ട് മക്കളെയുമാണ് ഉരുളെടുത്തത്. ഇദ്ദേഹത്തിന്റെ ഭാര്യ റജീന ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷീബ ഫ്രാൻസിസ്, ഷിസിൻ ഫ്രാൻസിസ്, ജസ്റ്റിൻ തുടങ്ങി ചിറ്റിലപള്ളി കുടുംബത്തിലെ ആറുപേരാണ് ഇരുട്ടിവെളുക്കും മുമ്പേ ഇല്ലാതായത്.
ചൂരൽമല ഹൈസ്കൂൾ റോഡിലെ ജോയിയും ഭാര്യ ലീലയും മരിച്ചു. കുട്ടികളടക്കം പലരുടെയും ശരീരഭാഗങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. പുത്തുമലയിലെ പൊതുശ്മശാനത്തിലാണ് പലരെയും സംസ്കരിച്ചത്. ആളുമാറി ഇവിടെ മറവുചെയ്ത ചിലരെ ജനിതക പരിശോധനാ ഫലം പുറത്തുവന്നതോടെ അതത് ചർച്ചുകളുടെ സെമിത്തേരിയിലേക്ക് മാറ്റി സംസ്കരിക്കുകയും ചെയ്തിരുന്നു.
ദുരന്തപശ്ചാത്തലത്തിൽ ഇത്തവണ ക്രിസ്മസ് ചടങ്ങുകൾ മാത്രമേ ഉണ്ടാകൂവെന്നും ആഘോഷങ്ങൾ ഇല്ലെന്നും ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഇടവക വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മരിച്ചവർക്കായി കഴിഞ്ഞ മാസം മുഴുവൻ പ്രത്യേക പ്രാർഥന ദേവാലയത്തിൽ നടത്തിയിരുന്നു. അടുത്ത ജൂലൈ 30ന് പ്രത്യേക ആണ്ട് ചടങ്ങുകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.