പേരാവൂർ (കണ്ണൂർ): വയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് സന്നദ്ധത അറിയിച്ച ഫേസ്ബുക് പോസ്റ്റിന് കീഴിൽ മോശം കമന്റ് ഇട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ വാട്സ് ആപ് മെസേജ് ‘മാധ്യമം’ അടക്കമുള്ള പത്രങ്ങൾ വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച കാർഡ് പങ്കുവെച്ചതിന് കീഴിലാണ് എടത്തൊട്ടി സ്വദേശി ഫേസ്ബുക്കിൽ മോശം കമന്റിട്ടത്. കെ.ടി. ജോർജ് എന്ന അക്കൗണ്ടിൽനിന്നായിരുന്നു കമന്റ്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്.
ജോർജിനെ കൂടാതെ ഏതാനും പേരും വാർത്തക്ക് താഴെ സമാന രീതിയിൽ അശ്ലീല കമന്റുമായി രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ജനരോഷം ഉയരുകയാണ്. ഇത്രയും വലിയ ദുരന്തത്തിൽ കേരളം പകച്ചുനിൽക്കുമ്പോൾ, അമ്മമാരെ നഷ്ടപ്പെട്ട പൈതങ്ങൾക്ക് മാതൃസ്പർശവുമായി എത്തിയവരെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. മോശം കമന്റിട്ട മറ്റൊരു യുവാവിനെയും ആൾക്കൂട്ടം മർദിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയ ദമ്പതികളെ കുറിച്ച് മാധ്യമം ഓൺലൈൻ വാർത്ത നൽകിയതോടെ നിരവധി പേർ തങ്ങളും സന്നദ്ധമാണെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നും ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നുമെല്ലാം മാധ്യമം സോഷ്യൽ മീഡിയ കാർഡ് പങ്കുവെച്ച് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ആയിരക്കണക്കിനാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ പോസ്റ്റർ പങ്കുവെച്ചത്. ആഗോള മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലും നിരവധി പേർ ഇത് പങ്കുവെച്ചു.
മാധ്യമം പോസ്റ്ററിലെ വാചകങ്ങൾ ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് ജർമനിയിൽ കായിക പരിശീലകനും പ്രശസ്ത കളിയെഴുത്തുകാരനുമായ ഡോ. മുഹമ്മദ് അഷ്റഫ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് ജർമൻ ഭാഷയിലാക്കിയപ്പോൾ അവർക്ക് അദ്ഭുതവും അവിശ്വസനീയവുമായ വാർത്തയായിരുന്നെന്നും ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ചോദിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അങ്ങനെ മലയാളി ആരാണെന്ന് അവരും അറിഞ്ഞെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.