ദുരിതബാധിതർക്ക് ആശ്വാസവുമായി മോഹൻലാൽ: 25 ലക്ഷം രൂപ കൈമാറി

കൊച്ചി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ മോഹൻലാലും. 25 ലക്ഷം രൂപയാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. 2018 പ്രളയകാലത്തും നടൻ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ ദുരന്ത മേഖല‍യിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് നേരത്തെ മോഹൻലാൽ രംഗത്തെത്തിയിരുന്നു. 'വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാൻ ഞാൻ പ്രാര്‍ഥിക്കുന്നു. ദുരന്ത മുഖത്ത് മുൻനിരയിലുള്ള എന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും നന്ദി' - മോഹൻലാൽ എക്സിൽ കുറിച്ചു.

അതിനിടെ, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 339 ആയി. ദുരന്തത്തിൽപ്പെട്ട 284 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 29 പേർ കുട്ടികളാണ്. ചാലിയാറിൽ നിന്ന് 172 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 133 ശരീരഭാഗങ്ങളും തിരച്ചിലിൽ കണ്ടെത്തി. 140 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആകെ 119 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.

207 മൃതദേഹങ്ങളുടെയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 62 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിനും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയ 27 മൃതദേഹങ്ങൾ ബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 74 മൃതദേഹങ്ങളും തിരിച്ചറിയാത്ത ശരീരഭാഗങ്ങളും പൊതുശ്മശാനത്തിൽ സംസ്കരിക്കും.

ദുരന്തത്തിൽപ്പെട്ട 273 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 84 പേർ ചികിത്സയിലുണ്ട്. 187 പേർ ആശുപത്രി വിട്ടു. അതിനിടെ, പടവെട്ടിക്കുന്നിലെ രക്ഷാപ്രവർത്തനത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ കണ്ടെത്തി. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ വീടിനുള്ളിൽ കണ്ടെത്തിയത്. 

Tags:    
News Summary - Wayanad mundakkai landslide: Mohanlal gives Rs 25 lakhs to cmdrf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.