ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള യു.ഡി.എഫ്- എൽ.ഡി.എഫ് എം.പിമാർ സംയുക്തമായി പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു.
‘ജസ്റ്റിസ് ഫോര്‍ വയനാട്’, ‘വയനാടിനുള്ള സഹായ പാക്കേജ് ലഭ്യമാക്കുക’ തുടങ്ങിയ ആവശ്യങ്ങളെഴുതിയ ബാനർ ഉയർത്തിയുള്ള പ്രതിഷേധത്തിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാർ പങ്കെടുത്തു.
കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണെന്ന് പ്രതിഷേധത്തിനു ശേഷം മാധ്യമങ്ങളെ കണ്ട പ്രിയങ്ക ഗാന്ധി പറഞ്ഞു. രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയായ നടപടിയല്ല. വയനാട്ടുകാരും ഇന്ത്യയിലെ പൗരന്മാരാണ്. വിവേചനം അംഗീകരിക്കാൻ കഴിയില്ല. കേന്ദ്രസർക്കാർ മനുഷ്യത്വത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുമെന്നാണ് പ്രതീക്ഷിച്ചത്. ഇപ്പോഴും ഞങ്ങൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയം മാറ്റിവെച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തെ ബോധപൂര്‍വം അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു. ദുരിതകാല രക്ഷാപ്രവര്‍ത്തനത്തെയും കേന്ദ്രം കച്ചവടമാക്കി മാറ്റുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.