വയനാട് പുനരധിവാസം: സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹം- വി.ഡി. സതീശൻ

കോഴിക്കോട്: വയനാട് പുനരധിവാസത്തിന് പണം നല്‍കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസത്തിന് പണം നല്‍കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റലേക്ക് സമാധാനപരമായി പ്രകടനം നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഒതുക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അടിച്ചമര്‍ത്തിയത്.

വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കിട്ടിയ പണം ചെലവാക്കാന്‍ തയാറാകുന്നില്ല. വീടുകള്‍ നിർമിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസും മുസ്ലീംലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും വീട് പണിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ എടുത്ത് നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. ഇത്രയും ആളുകളെ പുനരധിവസിപ്പിക്കേണ്ട ദൗത്യം ലാവത്വത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

ഒരു പണവും നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും. ഇതിനൊക്കെ എതിരായ പ്രതിഷേധമാണ് വയനാട്ടിലുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ നേരിടാം. പക്ഷെ കിട്ടിയ പണം പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതിരിക്കുന്നതും വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ഇത്രയും മാസങ്ങളായിട്ടും കണ്ടെത്താത്തതും ഗുരുതരമായ കൃത്യവിലോപമാണ്. അടിയന്തിരമായി അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

പണം നല്‍കാതെ ആരുടെയെങ്കിലും സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. സ്ഥലം സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ നീണ്ടു നല്‍ക്കുന്ന വ്യവഹാരമായിരിക്കും ഫലം. കോണ്‍ഗ്രസ് നിർമിക്കുന്ന നൂറ് വീടുകള്‍ 15 ഏക്കര്‍ സ്ഥലം വാങ്ങി നിർമിച്ചു നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് വീടുകള്‍ നിർമിക്കണമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

ആ നിലപാടിന് ഞങ്ങള്‍ പിന്തുണ നല്‍കി. എന്നാല്‍ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. വ്യവഹാരങ്ങള്‍ ഉള്ള സ്ഥലം ഏറ്റെടുക്കുന്നത് പ്രായോഗികമല്ല. വീട് വച്ചു നല്‍കാന്‍ പണവുമായി കാത്തു നില്‍ക്കുമ്പോഴും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.

വിലങ്ങാടും സമാനമായ പ്രശ്‌നമാണ് നിലനില്‍ക്കുന്നത്. വിലങ്ങാട്ടെ ദുരന്തബാധിതരെയും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഒരു ദുരന്തമുണ്ടായപ്പോള്‍ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ നടക്കാതെ ഇതുവരെ കണ്ടിട്ടില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ ഈ പോക്കുപോയാല്‍ ഞങ്ങള്‍ക്ക് അതില്‍ നിന്നും പിന്‍മാറേണ്ടി വരും. തുടക്കത്തില്‍ കാണിച്ച ആവേശം സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്നില്ല. സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാട്ടണം.

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്നുള്ള സമരത്തിന് യു.ഡി.എഫില്ല. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി യു.ഡി.എഫിനുണ്ട്. കിട്ടുന്ന അവസരങ്ങളില്‍ ഞങ്ങളുടെ എം.പിമാര്‍ കേന്ദ്രത്തിനെതിരെ സംസാരിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷമാണ് സംസാരിച്ചത്. പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വയനാട്ടിലെ ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുവെന്ന് 2022 -ല്‍ സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ എവിടെയായിരുന്നു. രണ്ട് വര്‍ഷമായി പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സ്പാര്‍ക്കും സേവനയും താതമ്യം ചെയ്തു നോക്കിയാല്‍ തന്നെ ശമ്പളം വാങ്ങുന്ന ആരെങ്കിലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താം.

എന്നിട്ടും സര്‍ക്കാര്‍ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് അറിയില്ല. സമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ വാങ്ങുന്നുവെന്നത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടിക്ക് സര്‍ക്കാര്‍ തയാറാകണം. സമൂഹകിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടിയുള്ള കമ്പനിയെ കുറിച്ചും സി.എ.ജി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതേക്കുറിച്ചും സര്‍ക്കാര്‍ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Wayanad Rehabilitation: Trying to suppress the strike is objectionable- v.d. satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.