ആന കുടഞ്ഞെറിഞ്ഞു, ഷഹാനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​

കോഴിക്കോട്​: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവതിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. ആന കുടഞ്ഞെറിഞ്ഞതാകാം കാരണമെന്നാണ്​ മെഡിക്കൽ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റമോര്‍ട്ടം നടന്നത്. വയനാട് മേപ്പാടിയിൽ പ്രകൃതി പഠന ക്യാമ്പിനിടെ എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച്​​ കാട്ടാനയുടെ ആക്രമണത്തിലാണ് യുവതിക്ക്​ ദാരുണ അന്ത്യം സംഭവിച്ചത്.


കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് (26) മരിച്ചത്. മൂന്ന് വർഷമായി ദാറുന്നുജും കോളജിൽ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതൽ പേർ ഈ പ്രദേശത്തേക്ക് എത്താൻ തുടങ്ങിയത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.


വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അനുമതിയില്ലാത്ത ടെന്‍റ് റിസോർട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വയനാട് കലക്ടർ അദീല അബ്ദുല്ല പറഞ്ഞു. റിസോർട്ടുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു. മോപ്പാടിയിൽ വിനോദ സഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തും.

സംഭവത്തിൽ തഹസിൽദാരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അനുമതിയില്ലാതെ വിനോദ സഞ്ചാരികളെ താമസിപ്പിച്ചാൽ റിസോർട്ട് ഉടമക്കെതിരെ നടപടിയെടുക്കുമെന്നും അദീല അബ്ദുല്ല വ്യക്തമാക്കി.യുവതി കൊല്ലപ്പെട്ട റിസോർട്ട് കലക്ടർ സന്ദർശിച്ച് പരിശോധന നടത്തി. കലക്ടർക്കൊപ്പം കൽപ്പറ്റ ഡി.എഫ്.ഒ, വൈത്തിരി തഹസിൽദാർ എന്നിവരും ഉണ്ടായിരുന്നു.

റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വനാതിർത്തിയിൽ നിന്ന് 10 മീറ്റർ അകലം പോലും റിസോർട്ടിലേക്കില്ല. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന പ്രദേശത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. റിസോർട്ടിന് ലൈസൻസ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.