മാനന്തവാടി: വിവാഹത്തിന് മുഖ്യാതിഥിയായെത്തിയ കലക്ടർ ആഘോഷത്തിന് മാറ്റുകൂട്ടി ചുവടുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. മാനന്തവാടി ഷെൽട്ടർ ഹോമിലെ അന്തേവാസിയുടെ വിവാഹച്ചടങ്ങിന് എത്തിയപ്പോഴാണ് വയനാട് ജില്ല കലക്ടർ എ. ഗീത ക്ലാസിക്കൽ നൃത്തച്ചുവടുകളിലൂടെ കൈയടിയും ആദരവും നേടിയത്.
വിവാഹത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. കലക്ടറും നൃത്തംചെയ്ത് ആഘോഷം കൊഴുപ്പിക്കുകയായിരുന്നു.
സബ് ജഡ്ജ് കെ. രാജേഷ്, മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എ.ഡി.എം എൻ.ഐ. ഷാജു, കൗൺസിലർ പി. ഷംസുദ്ദീൻ, വനിത പ്രൊട്ടക്ഷൻ ഓഫിസർ നിസ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഗാർഹികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോമിൽനിന്ന് നാലാമത്തെ യുവതിയാണ് സുമംഗലിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.