കാട്ടാക്കട: കോവിഡിനെതുടര്‍ന്ന് അടച്ചുപൂട്ടിയ ബാംബൂ കോർപറേഷന്റെ ഈറ്റ ഡിപ്പോകൾ തുറക്കാതായതോടെ പരമ്പരാഗത പനമ്പ് നെയ്ത്ത് തൊഴിലാളികൾ ദുരിതത്തിൽ. കോവിഡ് മാറിയ രണ്ടാം വര്‍ഷത്തെ ഓണവും പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് ദുരിതംതന്നെ.
ഒരു ദശാബ്ദം മുമ്പ് നൂറുകണക്കിന് കുടുംബങ്ങളുടെ വരുമാന മാർഗമായിരുന്നു ഈറ്റ ശേഖരണവും പനമ്പ് നെയ്ത്തും. വനങ്ങളില്‍നിന്ന് ഈറ ശേഖരിച്ച് കുടിലുകളിലെത്തിച്ച് പനമ്പ്, വട്ടി, മുറം എന്നിവ നിർമിച്ച് ചന്തകളിലെത്തിച്ച് വിൽക്കുകയയിരുന്നു തൊഴിലാളികള്‍ ചെയ്തിരുന്നത്. പരമ്പരാഗത പനമ്പ് നെയ്ത്ത് യന്ത്രവത്കൃത നെയ്ത്തിലേക്ക് വഴിമാറി. ഇതിനിടെ പരമ്പരാഗത പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും മെച്ചപ്പെട്ട കൂലി ഉറപ്പുവരുത്തുന്നതിനുമായി ബാംബു കോര്പറേഷന് നിലവില്‍വന്നു. തൊഴിലാളികൾ കാടുകളില്‍പോയി ഈറവെട്ടുന്നത് മതിയാക്കി. ദിവസംതോറും ഈറ്റ ലോറിയില്‍ എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ഈറ മുറിക്കുന്നതിനും പൊളിയാക്കുന്നതിനും മെഷീനുകളും വന്നു. ഇതോടെ ജോലി എളുപ്പമായി.
വനാന്തരങ്ങളില്‍ ഈറ്റ ശേഖരണം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തി. കനത്ത ശിക്ഷ നല്‍കിത്തുടങ്ങിയതോടെ വനത്തിലെ ഈറ്റ ശേഖരണം പൂര്‍ണമായി നിലച്ചു. ഇതിനിടെ ദിവസവും നെയ്ത്ത് കേന്ദ്രങ്ങളിലെത്തിച്ചിരുന്ന ഈറ്റ ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളിലാക്കി. പിന്നീട് മാസത്തില്‍ റേഷന്‍ വിതരണം പോലെയാക്കി. ഇതിനിടെയാണ് കോവിഡ് ബാധയില്‍ താഴുവീണത്. കോവിഡ് മാറിയപ്പോഴും ഡിപ്പോകൾ തുറന്നില്ല. ഈറ്റ ലഭ്യമാക്കാതായതോടെ ആയിരക്കണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ജില്ലയിൽ ശാസ്തവട്ടം, പിരപ്പൻകോട്, നെടുമങ്ങാട്, ചുള്ളിമാനൂർ, ഇടിഞ്ഞാർ, മുണ്ടേല, വെളിയന്നൂർ, കാരിക്കോണം, തോളൂർ, കുറ്റിച്ചൽ, പട്ടകുളം, ചേനാട്, മംഗലയ്ക്കൽ, ചെമ്പൂര്, ഊരൂട്ടമ്പലം, ചാങ്ങ, കൈവൻകാല എന്നിവിടങ്ങളിലെ ഡിപ്പോകളും വെളിയന്നൂർ, ലൂഥർഗിരി, ചായ്ക്കുളം, കുറ്ററ എന്നിവിടങ്ങളിലെ യന്ത്രവത്കൃത പനമ്പ് നിർമാണ കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. എവിടന്നെങ്കിലും ഈറ്റ സംഘടിപ്പിച്ച് ഉൽപന്നങ്ങൾ നെയ്ത് എത്തിച്ചാൽ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും അവർ പറയുന്നു.
കാട്ടാക്കട: മാസങ്ങളായി കോർപറേഷന്റെ ഡിപ്പോകളിൽ തൊഴിലെടുക്കുന്നവർക്കും ശമ്പളം കിട്ടുന്നില്ല. മുമ്പ് വനത്തിൽനിന്ന് ഈറ്റ ശേഖരിക്കാൻ തൊഴിലാളികൾക്ക് പാസ് അനുവദിച്ചിരുന്നു. ഇപ്പോഴതില്ല. അപൂർവം ചിലർക്ക് മാത്രമാണ് വനത്തിൽനിന്ന് ഈറ്റ ശേഖരിക്കാൻ അനുവാദമുള്ളത്. തൊഴിലാളികൾ ഈറ്റക്കായി പ്രധാനമായും ഇപ്പോൾ ബാംബൂ കോർപറേഷനെയാണ് ആശ്രയിക്കുന്നത് എന്നാൽ, ഇപ്പോൾ തൊഴിലാളികൾക്ക് കോർപറേഷനിൽനിന്ന് ആവശ്യത്തിന് ഈറ്റ കിട്ടുന്നില്ല.
കൂലിയുടെ കാര്യത്തിലും പരമ്പരാഗത പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ അവഗണിക്കപ്പെടുന്നു. 2018ൽ മിനിമം കൂലി പുതുക്കി നൽകിയെങ്കിലും നാളിതുവരെയും നടപ്പായിട്ടില്ല. ഒരു ചതുരശ്ര അടി പനമ്പിന് 3.50 രൂപയിൽനിന്ന് 6.50 രൂപയായാണ് കൂട്ടിയത്. പരമ്പരാഗത തൊഴിലാളികൾക്ക് ആവശ്യത്തിന് ഈറ്റ എത്തിക്കാനും വർധിപ്പിച്ച കൂലി നൽകാനും കഴിഞ്ഞാൽ പ്രതിസന്ധിക്ക് കുറെയേറെ പരിഹാരമാകും. പുതിയ തലമുറ ഈ തൊഴിലിനോട് പിന്തിരിഞ്ഞ് നിൽക്കുന്നത് വരുമാനം കുറവായത് കൊണ്ടാണെന്ന് തൊഴിലാളികൾ പറയുന്നു.
‘‘ഈറ്റ പനമ്പ് നെയ്ത്ത് മേഖലയിലെ പ്രതിസന്ധി പഠിക്കാനും പരിഹരിക്കാനും സർക്കാർ തയാറാകണം. അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാനും ഉൽപന്നത്തിന് ന്യായവിലയും തൊഴിലാളിക്ക് ആനുകൂല്യങ്ങളും ഉറപ്പാക്കണം. കൂടുതൽ നെയ്ത്ത് കേന്ദ്രങ്ങൾ തുടങ്ങാനും ആധുനീകരണം നടപ്പാക്കാനും നടപടി വേണം’’.
ജി. ഷണ്മുഖൻ, കാട്ടാക്കട
(തൊഴിലാളി നേതാവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.