തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനലിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി നടത്തുന്ന പ്രതികാര നടപടികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കഴിഞ്ഞ ഏതാനും നാളുകളായി വിവിധ മാർഗങ്ങളിലൂടെ ആംനസ്റ്റി എന്ന അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ പ്രശസ്തിയാർജ്ജിച്ച മനുഷ്യാവകാശ സംഘടനയ്ക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള നിരോധന ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തി വരുന്നത്.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ സംഘടനയ്ക്ക് നേരെ നടപടികൾ എടുത്തും ഓഫീസിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറിെൻറ റെയ്ഡ് നടത്തിയും കൃത്യമായ ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. ബിജെപി അധികാരത്തിലേറിയതിനു ശേഷം മുസ്ലിം-ദളിത് പിന്നാക്ക സമുദായങ്ങൾക്ക് നേരെ വ്യാപകമനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. എന്നാൽ ഭരണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളും ഇടപെടലുകളും ഇല്ലാതാക്കാമെന്നാണ് സംഘ്പരിവാർ സർക്കാർ കരുതുന്നത്.
ഡൽഹി കലാപത്തെക്കുറിച്ചുള്ള ആംനസ്റ്റിയുടെ അന്വേഷണവും സർക്കാരിനോടുള്ള ചോദ്യങ്ങളും ഇന്ത്യയിലെ ജനാധിപത്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഡൽഹിയിൽ പോലീസും ആർ.എസ്.എസും ചേർന്ന് നടത്തിയത് ആസൂത്രിത കലാപമായിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആംനസ്റ്റി പുറത്തുവിട്ടിരുന്നു. കശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ലംഘിക്കപ്പെടുന്നതിനെക്കുറിച്ചും ശക്തമായ ഭാഷയിൽ ആംനസ്റ്റി ഇൻറർനാഷണൽ സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം അടിച്ചമർത്തലുകളെ പുറംലോകത്ത് എത്തിക്കാതെ കൈകാര്യം ചെയ്യാനാണ് ഫാഷിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിൽ സംഘ്പരിവാർ സർക്കാരിനു വഴങ്ങാത്ത സ്വതന്ത്ര സ്ഥാപനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസ്തുത നടപടി. ആംനസ്റ്റി ഇൻറർനാഷണലിനോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പകപോക്കലിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യ സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.