തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ സർക്കാർ പ്രോസിക്യൂഷന്റെ നിലപാട് മധുവിന്റെ കൊലയാളികളുടേതിന് സമാനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ. ആദിവാസികളുടെ ജീവന് ഒരു വിലയുമില്ലെന്ന കൊലയാളികളുടെ സമീപനം തന്നെയാണ് കേസ് നടത്തിപ്പിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ ആദിവാസി സമൂഹത്തോടുള്ള ഇടതു സർക്കാറിന്റെ നിലപാടിന്റെ പ്രതിഫലനമാണ്.
കൊലപാതകത്തിന് നാലു വർഷം കഴിഞ്ഞിട്ടും വിചാരണ പോലും ആരംഭിച്ചിട്ടില്ല. സർക്കാറിനും ഭരണകക്ഷിക്കും ഈ കേസിൽ ഒട്ടുംതാത്പര്യം കാണിക്കാത്തത് കൊണ്ടാണ് പ്രോസിക്യൂട്ടർമാർക്ക് നിരുത്തരവാദ സമീപനം സ്വീകരിക്കാൻ കഴിഞ്ഞത്. സമൂഹത്തിൽ ശക്തിയും സ്വാധീനവും ഉള്ളവരുടെ കാര്യത്തിൽ ഈ സമീപനം സ്വീകരിക്കില്ല. അട്ടപ്പാടിയിലെ ആദിവാസികൾക്ക് എല്ലാ കാലത്തും സർക്കാറുകൾ സാമാന്യ പരിഗണന പോലും നൽകാറില്ല. അതിന്റെ തുടർച്ച തന്നെയാണ് കേസ് നടത്തിപ്പിൽ പ്രതിഫലിക്കുന്നത്. മധുവിന്റെ കുടുംബത്തിന് നീതി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറും കാപട്യമായിരുന്നു.
പുതിയ പ്രോസിക്യൂട്ടർ നിയമനം വലിച്ചിഴച്ച് കേസ് നടത്തിപ്പ് ദുർബലമാക്കാൻ ഇനിയും സർക്കാർ ശ്രമിക്കരുത്. ആവശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.