ഹിജാബ് വിലക്ക്: വംശീയ ഉത്തരവ് ശരിവെച്ചത് പൗരാവകാശം റദ്ദു ചെയ്യുന്നതിന് തുല്യം -വെൽഫെയർ പാർട്ടി

ഹിന്ദു രാഷ്ട്ര നിർമിതിയുടെ ഭാഗമായി ആർ.എസ്.എസ് സർക്കാർ മുസ്‌ലിം സമൂഹത്തിന്റെ മൗലികാവകാശമായ ഹിജാബിനെതിരെ പുറപ്പെടുവിച്ച വംശീയ ഉത്തരവ് ശരിവെച്ച കർണാടക ഹൈകോടതിയുടെ വിധി പൗരാവകാശം റദ്ദു ചെയ്യുന്നതിന് തുല്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഭരണഘടനാദത്തമായ അവകാശം മുസ്‌ലിം വിദ്യാർഥിനികൾക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആർ.എസ്.എസ് പദ്ധതിയാണ്. ഇത്തരം ഉത്തരവുകൾക്ക് നിയമ സാധുത നൽകുന്നതിലൂടെ ഭരണഘടനയെ നോക്കു കുത്തിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'കോടതികൾ അവയുടെ മൗലിക ധർമം വിസ്മരിച്ച് വംശീയ പദ്ധതികൾക്ക് വഴിയൊരുക്കുന്നത് രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ട സമയമായിരിക്കുന്നു. നീതി നിഷേധം ആവർത്തിച്ചുറപ്പിക്കുകയാണ് ഇത്തരം വിധികൾ ചെയ്യുന്നത്. ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ലംഘിച്ചാണ് കർണാടക സർക്കാർ നിരോധനം നടപ്പാക്കിയത്' -ഹമീദ് വാണിയമ്പലം പറഞ്ഞു.

മത വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗം ഏതെന്ന് ആ വിശ്വാസത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ് പറയേണ്ടത്. ഏകപക്ഷീയ കോടതി വിധികളിലൂടെ ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കും. ഏക സിവിൽകോഡ്, പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ എന്നിവ അടക്കം രാജ്യത്തെ മത ന്യൂനപക്ഷങ്ങൾ ആശങ്കയോടെ കാണുന്ന സംഘ്പരിവാർ നീക്കങ്ങൾക്ക് കൂടുതൽ അനുകൂലമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിക്കാൻ ഈ വിധി ഇടയാക്കും. വിദ്യാഭ്യാസ - ഉദ്യോഗ രംഗങ്ങളിൽ മുസ്‌ലിം സമൂഹം പുരോഗതി പ്രാപിക്കുന്നത് തടയാനുള്ള ആർ.എസ്.എസ് പദ്ധതികൾക്ക് ഈ വിധി ശക്തി പകരും ഇതിനെതിരെ പൗരത്വ പ്രക്ഷോഭ സമാനമായ ജനകീയ മുന്നേറ്റം ഉയരേണ്ട സന്ദർഭമായിരിക്കുന്നെന്നും സുപ്രീം കോടതിയിലെ നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും യോജിപ്പിച്ച് ഭരണഘടനാ അവകാശങ്ങൾ സ്ഥാപിച്ചടുക്കാനുള്ള നീക്കങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Welfare party statement on karnataka high court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT